
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർസുനിൽകുമാറിനെ ക്രൂരമായി മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറായ തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിലെ പുളിത്തറവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി അഖിലിനെയാണ് (31) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആശുപത്രി വളപ്പിലായിരുന്നു സംഭവം.
സുനിൽകുമാറിനെ നിലത്തുവീഴ്ത്തിയും മുഖത്ത് അടിച്ചും പ്രതി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യ മീഡിയയിൽ പ്രചരിച്ചിരുന്നു. മൂക്കിന്റെ എല്ലിന് ഗുരുതരമായി പരുക്കേറ്റ സുനിൽകുമാറിനെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിഷക്കായ കഴിച്ച ഭാര്യാ സഹോദരനെയും കൊണ്ട് ആശുപത്രിയിലെത്തിയതായിരുന്നു അഖിൽ. രോഗിയെ കയറ്റിയ ആംബുലൻസിന് പോകാൻ കഴിയാത്തവിധം ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നതും അത് മാറ്റണമെന്ന് ആവശ്യപ്പെട്ടതുമാണ് ആക്രമണത്തിന് കാരണമായത്.
അഖിലിനൊപ്പമുണ്ടായിരുന്ന ഭാര്യയും കുട്ടിയും മർദ്ദനം തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആശുപത്രി ജീവനക്കാരെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്ന് രാവിലെ ആശുപത്രി വളപ്പിൽ പ്രതിഷേധം നടത്തി. ആശുപത്രിയിൽ പൊലീസ് സാന്നിദ്ധ്യം ശക്തമാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |