
ചേർത്തല: ബൈക്ക് അപകടത്തിൽ പരിക്കേയാളുടെ കാലിൽ പ്ലാസ്റ്ററിടുന്നത് മൊബൈലിൽ ഫോണിൽ പകർത്തുന്നത് തടഞ്ഞതിന്റെ പേരിൽ താലൂക്ക് ആശുപത്രിയിൽ യുവാക്കളുടെ അക്രമം. ഡ്യൂട്ടി ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഘം, അത്യാഹിത വിഭാഗത്തിലെ ടൈലുകളും ഉപകരണങ്ങളുമടക്കം അടിച്ചുതകർത്തു. തുടർന്ന് പൊലീസെത്തി കടക്കരപ്പള്ളി പഞ്ചായത്ത് പാലച്ചുവട് ഷിന്റോ(29) മൂന്നാംവാർഡിൽ പാലച്ചുവട്ടിൽ ഷിജോ(27) സഹോദരൻ ഷിനു(25) എന്നിവരെ അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ബൈക്കപകടത്തിൽ പരിക്കേറ്റ ഷിന്റോയെ ഷിജോയും ഷിനുവും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
അപ്പോൾ മുതൽ നഴ്സുമാരോട് ഉൾപ്പടെ മൂവരും മോശമായി പെരുമാറി.
എക്സറേ എടുത്ത ശേഷം ഡോ.എസ്.കണ്ണനും നഴ്സിംഗ് അസിസ്റ്റന്റ് ആർ.സുരേഷ്‌കുമാറും ഷിന്റോയുടെ എല്ലിന് പൊട്ടലുണ്ടായ കാലിൽ പ്ലാസ്റ്ററിടാൻ തുടങ്ങിയപ്പോൾ മറ്റുരണ്ടുപേർ മുറിയിൽകയറി മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചു. ഇത് വിലക്കിയതോടെ നഴ്സുമാരെ മുറിയിലാക്കി വാതിലടച്ച് ഭീകരാന്തരീഷം സൃഷ്ടിച്ച സംഘം, അത്യാഹിത വിഭാഗത്തിലെ പരിചരണമുറിയുടെ ടൈലുകൾ അടിച്ചുപൊട്ടിക്കുകയും വാതിലിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. എയ്ഡ്‌പോസ്റ്റിലെ പൊലീസെത്തിയെങ്കിലും അവർക്ക് നേരെയും അസഭ്യവർഷം നടത്തി. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതിഷേധിച്ചു
അത്യാഹിത വിഭാഗത്തിൽ നടന്ന അക്രമണത്തിൽ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു. പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധയോഗത്തിൽ സൂപ്രണ്ട് ഡോ.എസ്.ആർ.അമീന,ആർ.എം.ഒ ഡോ.എ.അജ്മൽ,ഡോ. ജോസഫ്,എസ്.ജിമ്മി,ലെവിൻ കെ.ഷാജി, കെ.വേണു,വിനോദ്,സജിമോൾ,സി.പി. ബിന്നി,എൻ.സി.ദിവ്യ,സുമീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |