മുഹമ്മ: വളവനാട് പുത്തൻകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇത്തവണ സ്വന്തം കോഴി അന്നം താരപ്പൊലിമയേകും. മനോഹരവും പാരമ്പര്യത്തനിമ വിളിച്ചോതുന്നതുമായ കോഴി അന്നത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു.
ക്ഷേത്ര പുന:രുദ്ധാരണത്തിന് ശേഷമുള്ള അറുപത് കൊല്ലത്തെ ഉത്സവത്തിനും വേലപടയണിക്ക് കണിച്ചുകുളങ്ങരയിൽ നിന്നുള്ള കോഴി അന്നമാണ് ആവേശം പകർന്നിരുന്നത്. എന്നാൽ, കാലപ്പഴക്കം കൊണ്ട് ആ കോഴി അന്നം നാശോന്മുഖമായി. ഇതോടെയാണ് വളവനാട് ക്ഷേത്രത്തിന് സ്വന്തമായി കോഴി അന്നം വേണമെന്ന ചിന്ത ഭാരവാഹികൾക്ക് ഉണ്ടായത്. അങ്ങനെയാണ് ദേശത്തിന് അഭിമാനമായി ക്ഷേത്ര മുറ്റത്തെ പണിശാലയിൽ കോഴി അന്നത്തിന് ജീവൻ വച്ചത്.
ക്ഷേത്രത്തിലെ കൊടിയേറ്റ് ദിവസമായ 22ന് വൈകിട്ട് 7ന് സലിം ഭൂപതി ആലപ്പുഴ ഭദ്രദീപം തെളിച്ച് കോഴി അന്നം ദേവിക്ക് സമർപ്പിക്കുമെന്ന് ദേവസ്വം കമ്മിറ്റി പ്രസിഡന്റ് ബിൻസ് സംക്രന്ദനൻ, വൈസ് പ്രസിഡന്റ് സി.ഡി. കൈലാസൻ, സെക്രട്ടറി ബി.ജയദേവൻ, ഖജാൻജി പുഷ്പാംഗദൻ എന്നിവർ പറഞ്ഞു. അന്നദാനപ്പുര നിർമ്മിച്ചുനൽകിയതും സലിം ഭൂപതി ആലപ്പുഴയാണ്.
നിർമ്മാണം ആഞ്ഞിലിയിൽ
ചെലവ് 15 ലക്ഷം രൂപ
നീലംപേരൂർ സ്വദേശി ജയചന്ദ്രൻ തച്ചന്റെയും മറ്റ് പത്തുപേരുടെയും നൂറ് ദിവസത്തെ കഠിനമായ പരിശ്രമവും 15 ലക്ഷം രൂപയും ചെലവിട്ടാണ്
കോഴി അന്നം നിർമ്മിക്കുന്നത്. സമ്മാന കൂപ്പൺ വഴിയാണ് ഇത്രയും തുക സമാഹരിച്ചത്. കിഴക്കൻ മലനിരകളിൽ നിന്ന് എത്തിച്ച ആഞ്ഞിലിയും കുമ്പിളുമാണ് കോഴി അന്നത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിച്ചിരിക്കുന്നത് .
പത്ത് മീറ്റർ ഉയരമുള്ള കോഴി അന്നത്തിന്റെ നാട്ടുകാൽ ആഞ്ഞിലിയാണ്. വലിയ നാല് തടിച്ചക്രങ്ങൾ ഘടിപ്പിച്ച തടി ഫ്രെയിമിലാണ് ഇത് ഉറപ്പിച്ചിരിക്കുന്നത്. നാട്ടുകാലിന് ചുറ്റുമായി മുളക്കീറുകൾ വരിഞ്ഞാണ് കോഴിക്ക് രൂപം നൽകിയിട്ടുള്ളത്.
മഞ്ഞൾ വെള്ളത്തിൽ പുഴുങ്ങി ഉണക്കിയ മുള, നാടൻ കയർ ഉപയോഗിച്ചാണ് വരിഞ്ഞിരിക്കുന്നത്. കോഴി അന്നത്തിന്റെ കൊത്തുപണികളും മറ്റ് അലങ്കാരങ്ങളും
കുമ്പിൾ മരത്തിലാണ് തീർത്തിരിക്കുന്നത്. തടിച്ചക്രങ്ങൾ പിച്ചളപട്ട കൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |