SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

മാവേലിക്കര ജില്ല സ്വപ്നം കണ്ട സാമാജി​കൻ

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ : എം.എൽ.എ ആയിരുന്ന രണ്ട് പതിറ്റാണ്ടു കാലം നാടിന് സമ്മാനിച്ച വികസന പ്രവർത്തനങ്ങൾ മാവേലിക്കരയിൽ എം.മുരളിയ്ക്ക് നിത്യസ്മാരകങ്ങളാകും. 1991ൽ മാവേലിക്കരയിൽ നിന്ന് കന്നിയങ്കത്തിലൂടെ നിയമസഭയിലെത്തിയ എം.മുരളി മാവേലിക്കര നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ചെമ്മൺ പാതകൾ മിക്കതും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാനും ഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്താനും വലിയ പരിശ്രമമാണ് നടത്തിയത്.

ഗ്രാമീണ മേഖലകളിലുൾപ്പെടെ കമ്പ്യൂട്ടർ കേട്ടുകേൾവിയായിരുന്ന കാലത്ത് സ്കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾക്കുള്ള പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടതും മുരളിയുടെ കാലത്താണ്. ഐ.എച്ച്. ആർ.ഡി എൻജിനീയറിംഗ് കോളേജ് ആരംഭിക്കാൻ നടത്തിയ ശ്രമങ്ങൾ പൂർണതോതിൽ വിജയപ്രദമാക്കാൻ കഴിഞ്ഞില്ലെങ്കിലും അതിനായി നിർമ്മിച്ച കെട്ടിടത്തിലാണ് നഗരത്തിലെ ഗവ.കോളേജിന്റെ പ്രവർത്തനം. ഫയർസ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ എന്നിവയ്ക്ക് തുടക്കം കുറിച്ചത് എം. മുരളിയുടെ കാലത്താണ്

രാജാരവിവർമ്മയുടെ സ്മരണാർത്ഥമുള്ള രവിവർമ്മ സ്മാരക പെയിന്റിംഗ് സ്കൂളിനെആർട്സ് കോളേജാക്കി ഇന്നത്തെ നിലയിൽ വളർത്തിയതിന് പിന്നിലും മുരളിയുടെ ഇടപെടലുണ്ട്.

കായംകുളം ആർ.ടി.ഓഫീസ് പരിധിയിലായിരുന്ന മാവേലിക്കരയ്ക്ക് സ്വന്തമായി ആർ.ടി ഓഫീസ് അനുവദിക്കുകയും വലിയ പെരുമ്പുഴപ്പാലം, ചെന്നിത്തല മുണ്ടുവേലിക്കടവ് പാലം എന്നിവ യാഥാർത്ഥ്യമാക്കുകയും ചെയ്തതും എം.മുരളിയുടെ പരിശ്രമഫലമായാണ്. മാവേലിക്കരയെ ദേശീയപാതയുമായും എം.സി റോഡുമായും ബന്ധിപ്പിക്കാൻ മാവേലിക്കര- തിരുവല്ല - ചങ്ങനാശേരി റൂട്ടിലും പന്തളം- മാവേലിക്കര റൂട്ടിലും കെ.എസ്.ആർ.ടി.സി സർവ്വീസുകൾ വിപലമാക്കി. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും സ്റ്റേഷൻ വികസനത്തിനും നാട്ടുകാരുടെ സഹായത്തോടെ മുരളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളും സ്മരണീയമാണ്. ഓണാട്ടുകര പ്രദേശങ്ങളെ കൂട്ടിയിണക്കി മദ്ധ്യതിരുവിതാംകൂർ ആസ്ഥാനമായി മാവേലിക്കര ജില്ല യാഥാർത്ഥ്യമാക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ആസ്വപ്നം ബാക്കിയാക്കിയാണ് നാടിനോടും നാട്ടുകാരോടും വിടപറഞ്ഞത്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY