
തുറവൂർ : ലോകത്തിലെ ഏറ്റവും മനോഹരമായ 24 ഇടങ്ങളിലൊന്നായി നാഷണൽ ജിയോഗ്രാഫിക് മാഗസിൻ തിരഞ്ഞെടുക്കപ്പെട്ട ദ്വീപാണ് കാക്കത്തുരുത്ത്. ഇതോടെ, ഈ കൊച്ചു ഗ്രാമം ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയെങ്കിലും സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഇനിയും ഇവിടെ വിശേഷങ്ങൾ ബാക്കിയാണ്.
എരമല്ലൂരിനടുത്തുള്ള ബോട്ട് ജെട്ടിയിൽ നിന്ന് ചെറുബോട്ടിൽ ദ്വീപിലേക്കുള്ള യാത്ര തന്നെ ഒരു അനുഭവമാണ്. ബോട്ട് കരയിലടുക്കുമ്പോൾ തന്നെ ഗ്രാമത്തിന്റെ ഹൃദയത്തിലേക്കുള്ള പ്രവേശനകവാടമായി അവിടം മാറും.
പാടവരമ്പുകളും ഇടുങ്ങിയ നാട്ടുവഴികളും തഴച്ചുനിൽക്കുന്ന കൈതച്ചോലകളും വെള്ളത്തിൽ പ്രതിഫലിക്കുന്ന നീലാകാശവും ചേർന്ന് കാക്കത്തുരുത്ത് ഒരു ജീവനുള്ള ചിത്രമാകും.
നാൽപത് വർഷം മുമ്പ് കേരളത്തിലെ ഗ്രാമങ്ങളിലുണ്ടായിരുന്ന സ്വാഭാവിക ഭംഗി അതേപടി ഇവിടെ അനുഭവിക്കാം. തുമ്പികളും പൂമ്പാറ്റകളും കുരുവികളും ദേശാടന പക്ഷികളുമെല്ലാം ദ്വീപിന്റെ സ്ഥിരം കൂട്ടുകാരാണ്. പുലർച്ചെ മുതൽ സന്ധ്യവരെ പക്ഷികളുടെ ചിറകടിയും വെള്ളത്തിന്റെ അലസമായ ചലനവുമാണ് കേൾക്കുക.
നാട്ടുവഴികളിലൂടെ നടക്കാം. പാടവരമ്പത്ത് ചൂണ്ടയിട്ടോ, വലവീശിയോ മീൻ പിടിക്കുന്ന ഗ്രാമജീവിതത്തിന്റെ ലളിതാനുഭവം ആസ്വദിക്കാം. ചെറു വഞ്ചിയിലോ, ചങ്ങാടത്തിലോ കായലിൽ സഞ്ചരിക്കാം. ശിക്കാരാ ബോട്ടിൽ പോയി സൂര്യാസ്തമയം കാണാം.
കാക്കത്തുരുത്തിന്റെ മറ്റൊരു മുഖമാണ് നാടൻ ഭക്ഷണം. വെളിച്ചെണ്ണയിൽ പാകം ചെയ്ത കരിമീൻ, നാരൻ ചെമ്മീൻ, കക്ക, ഞണ്ട്, താറാവ്, ബീഫ് വിഭവങ്ങൾ, മീൻകറി, സാമ്പാർ, അവിയൽ, ചോറ് തുടങ്ങിയവയെല്ലാം ഗ്രാമത്തിന്റെ സ്നേഹത്തിൽ വിളമ്പുന്ന ഭക്ഷണങ്ങൾ. വൈകുന്നേരങ്ങളിലെ ചൂടുചായയും പഴംപൊരിയും യാത്രയ്ക്ക് ഒരു പ്രത്യേക സുഖം നൽകും.
എറണാകുളം–ആലപ്പുഴ അതിർത്തിയിൽ വെറും 45 മിനിറ്റ് സഞ്ചരിച്ചാൽ എത്തിച്ചേരാവുന്ന കൊച്ചു ദ്വീപാണ് കാക്കത്തുരുത്ത്. എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള ഈ ദ്വീപിലേക്ക് എരമല്ലൂരിൽ നിന്ന്
ബോട്ടിലെത്താം. കാക്കത്തുരുത്ത് വെറും ഒരു വിനോദസഞ്ചാര കേന്ദ്രമല്ല, ഗ്രാമീണ ജീവിതത്തിന്റെ ആത്മാവിനെ ജീവനോടെ സൂക്ഷിക്കുന്ന ഒരു ദ്വീപാണ്.
പൊളിയാണ്,
നൈറ്റ് ലൈഫ്
കാക്കത്തുരുത്തിലെ രാത്രി മറ്റൊരു ലോകമാണ്.പാടവരമ്പുകളിൽ മിന്നാമിനുങ്ങുകൾ നക്ഷത്രങ്ങളായി തെളിയും. ചീവീടിന്റെയും മൂങ്ങയുടെയും പുള്ളുകളുടെയും ശബ്ദങ്ങൾ രാത്രിക്ക് താളമിടും. നഗരങ്ങളിൽ നഷ്ടപ്പെട്ടുപോയ ശാന്തത ഇവിടെ കണ്ടും കേട്ടും ആസ്വദിക്കാം.തനത് ഭക്ഷണങ്ങളും രുചിക്കാം.ഓരോ നിമിഷവും പഴമയുടെ കഥകൾ പറയുന്ന ഇവിടം മനസിനെ ശാന്തമാ
ക്കി മറ്റൊരു ലോകത്തെത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |