SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

പമ്പിംഗ് കരാറുകാർക്ക് കിട്ടാനുള്ളത് 50 കോടി

Increase Font Size Decrease Font Size Print Page

ആലപ്പുഴ: കുട്ടനാട്ടിലെ പമ്പിംഗിന് ദുരന്തനിവാരണ അതോറിട്ടിയുടെ ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കാമെന്ന് ഉത്തരവിറങ്ങിയെങ്കിലും കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പമ്പിംഗ് കുടിശികയായി കരാറുകാർക്ക് കിട്ടാനുള്ളത് 50 കോടിയിലധികം രൂപ. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പമ്പിംഗ് കരാറെടുത്ത അഞ്ഞൂറിലധികം പേരാണ് പണത്തിനായി കാത്തിരിക്കുന്നത്.

ഒക്ടോബർ മുതൽ മാർച്ച് - ഏപ്രിൽവരെ വെള്ളം പമ്പ് ചെയ്തുനീക്കി പാടശേഖരങ്ങൾ കൃഷിയ്ക്ക് ഉപയുക്തമാക്കാനാണ് കായൽപ്പാടങ്ങളിലും കരപ്പാടങ്ങളിലും കൃഷിഭവനുകളുടെ നേതൃത്വത്തിൽ പാടശേഖരാടിസ്ഥാനത്തിൽ പമ്പിംഗ് നടത്തുന്നത്. 10കൊല്ലം മുമ്പ് സർക്കാർ നിശ്ചയിച്ച നിരക്കാണ് ഇപ്പോഴും പമ്പിംഗിനുള്ളത്. ഈ തുകയ്ക്ക് പമ്പിംഗ് നടത്താൻ കരാറുകാർ ഒരുക്കമല്ല. കർഷകർ പാടത്തിന്റെ വിസ്തൃതിയും വെള്ളത്തിന്റെ അളവും അനുസരിച്ച് കൈയിൽ നിന്ന് പ്രത്യേകമായി പണം മുടക്കിയാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്. വെള്ളം പമ്പ് ചെയ്തുനീക്കുന്നതിനായി പുഞ്ച സ്പെഷ്യൽ ഓഫീസിൽ നിന്നാണ് കർഷകർക്ക് പണം അനുവദിക്കുന്നത്.പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ ഉപയോഗിച്ചത് സംബന്ധിച്ച് പമ്പിംഗ് കരാറുകാർ വില്ലേജ് ഓഫീസർമാർ മുഖേനയാണ് പുഞ്ച സ്പെഷ്യൽ ഓഫീസർമാർക്ക് വൗച്ചർ നൽകേണ്ടത്. ഇതിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെയും കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്.

പമ്പിംഗിന് ആളെക്കിട്ടുന്നില്ല

 2023-24 വർഷത്തെ പമ്പിംഗിന്റെ ഒരു രൂപപോലും ഇതുവരെയും അനുവദിച്ചിട്ടില്ല

 2024-25ലെ പമ്പിംഗിന്റെ പണവും ഇപ്പോഴും കരാറുകാർക്ക് കൊടുത്തുതീർക്കാനുണ്ട്

 പണം കിട്ടാനുണ്ടാകുന്ന കാലതാമസം പമ്പിംഗ് കരാറേറ്റെടുക്കാൻ ആളെക്കിട്ടാത്ത സ്ഥിതിയുണ്ടാക്കും

 പാടശേഖരസമിതികൾ ഏക്കറിന് 1000 രൂപവരെ പ്രത്യേകമായി നൽകിയാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്

പാടശേഖര വിസ്തൃതി

ആലപ്പുഴ..............................32,500 ഹെക്ടർ

കോട്ടയം.................................. 20,000 ഹെക്ടർ

പത്തനംതിട്ട............................ 2,000 ഹെക്ടർ

പമ്പിംഗ് നിരക്ക് (ഏക്കറിന്)

കായൽപ്പാടം........................₹2,500

കരപ്പാടം................................₹1,800

2 വർഷങ്ങളിലെ കുടിശിക

₹50-60 കോടി

മുൻ സീസണുകളിലെ പണം റവന്യൂവകുപ്പിന് കീഴിലുള്ള പുഞ്ച സ്പെഷ്യൽ ഓഫീസുകളാണ് അനുവദിക്കേണ്ടത്. നടപ്പുവർഷം മുതൽ ദുരന്തനിവാരണ അതോറിട്ടിയുടെ ഫണ്ടിൽ നിന്ന് പണം ഉപയോഗിക്കാനാണ് ഉത്തരവ്

- ദുരന്തനിവാരണ വിഭാഗം, ആലപ്പുഴ

സർക്കാർ നിരക്കിൽ പമ്പിംഗിന് കരാറുകാർ എത്തില്ലെന്നിരിക്കെ കൈയിൽ നിന്ന് കൂടി പണം മുടക്കിയാണ് പാടങ്ങളിലെ വെള്ളം വറ്റിക്കുന്നത്. പമ്പിംഗ് ചാ‌ർജ് കുടിശികയിട്ടാൽ കരാറുകാരുടെ സേവനം ലഭിക്കാതെ കൃഷി അസാദ്ധ്യമാകുന്ന സ്ഥിതിയുണ്ടാകും

- സോണിച്ചൻ പുളിങ്കുന്ന്, കർഷകൻ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY