
കൃഷ്ണൻകുട്ടിയുടെ താമസം പൊളിഞ്ഞുവീഴാറായ ഷെഡ്ഡിൽ
ആലപ്പുഴ: അടച്ചുപൂട്ടിയ ഇഷ്ടികക്കളത്തിലെ പൊളിഞ്ഞുവീഴാറായ ഷെഡ്ഡിലാണ് പതിറ്റാണ്ടിലേറെയായി കൃഷ്ണൻകുട്ടിയുടെ താമസം. കാറ്റിൽ പപ്പടംപോലെ പൊടിഞ്ഞുപറക്കുന്ന ടിൻ ഷീറ്റുകൊണ്ടുള്ളതാണ് മേൽക്കൂര. വച്ചൂറ്റുന്ന റേഷനരിച്ചോറോ കഞ്ഞിയോ ആണ് അന്നം. തൊട്ടുകൂട്ടാൻ അച്ചാർ.
സംസ്ഥാനസർക്കാരിന്റെ അതിദാരിദ്ര്യമുക്ത പദ്ധതിയിൽ കൃഷ്ണൻകുട്ടിക്ക് വസ്തുവും വീടും പ്രഖ്യാപിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ തരപ്പെട്ടില്ല. പ്രായാധിക്യവും രോഗങ്ങളും അലട്ടുമ്പോഴും മരിക്കും മുമ്പ് ആറടി മണ്ണും ചുരുണ്ടുകിടക്കാനൊരു കൂരയുമാണ് 69കാരനായ ഈ അവിവാഹിതന്റെ സ്വപ്നം. വള്ളികുന്നം 12-ാം വാർഡിൽ മുണ്ടിയാലുംവിളയിൽ പരേതരായ നീലകണ്ഠപിള്ളയുടെയും കല്യാണിയുടെയും മകനാണ്.
കുട്ടിക്കാലത്ത് അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. ബന്ധുവിന്റെ സംരക്ഷണയിലാണ് വളർന്നത്. സ്കൂൾപഠനം അവസാനിപ്പിച്ച് ഉപജീവനത്തിനായി നാടുവിട്ട കൃഷ്ണൻകുട്ടി മലബാറിലും മറ്റുമായിരുന്നു നല്ലൊരുസമയം ചെലവഴിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളായതോടെ പത്തുവർഷം മുമ്പ് വള്ളികുന്നത്ത് തിരികെയെത്തി. ഇവിടെ ഇഷ്ടികക്കളങ്ങളിൽ സഹായിയായി തുടരുന്നതിനിടെ നടുവിനും കാലിനും വേദന കടുത്തു. ഇതോടെ ജോലി ചെയ്യാനാകാതെയായി. നിതൃവൃത്തിക്ക് മാർഗമില്ലാതായപ്പോൾ താമസിക്കുന്ന പടയണിവെട്ടത്തെ ഇഷ്ടികക്കമ്പനിയിൽ ജോലിക്കെത്തി. ഉടമയുടെ നിർദ്ദേശാനുസരണം അതിന്റെ നോട്ടക്കാരനായി. ശമ്പളമൊന്നുമില്ലെങ്കിലും ചുരുണ്ട് കിടക്കാനും പ്രാഥമിക കൃത്യങ്ങൾക്കുമുള്ള സൗകര്യം ലഭിച്ചു.
നാട്ടുകാർ തുണ
പ്രളയത്തിലും കൊവിഡിലുമെല്ലാം നാട്ടുകാരാണ് ഭക്ഷണവും മറ്റു സഹായങ്ങളും നൽകിയത്. കഴിഞ്ഞഭരണസമിതിയിൽ പഞ്ചായത്തംഗമായിരുന്ന വിജയലക്ഷ്മി വയോജന സംരക്ഷണത്തിനായുള്ള പകൽവീട് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ അവധിദിവസങ്ങളിലൊഴികെ രണ്ടുനേരം ആഹാരം ലഭിച്ചു. ഇതിനിടെ കാലിലെ വേദനയും നീരും കൂടി നടക്കാൻ കഴിയാതായി. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും പണവും കൂട്ടിനാളുമില്ലാത്തതിനാൽ ചെയ്യാനായില്ല. ഇഷ്ടികക്കമ്പനിയുടെ വൈദ്യുതി കട്ടാക്കിയതിനാൽ മണ്ണെണ്ണ വിളക്കാണ് ആശ്രയം. അയൽവീടുകളിൽ നിന്നാണ് കുടിക്കാനും പാചകത്തിനും വെള്ളമെടുക്കുന്നത്.
ദാരിദ്ര്യമുക്ത പദ്ധതിയിൽ കൃഷ്ണൻകുട്ടിയെ ഉൾപ്പെടുത്തിയെങ്കിലും ഫണ്ടിന്റെ ദൗർലഭ്യം കാരണം വസ്തുവോ വീടോ ലഭ്യമാക്കാനായിട്ടില്ല.നാലാം വാർഡിൽ കഴിയുന്ന അദ്ദേഹത്തിന് നാട്ടുകാരാണ് ഇപ്പോൾ തുണയായുള്ളത്.
- വി.വിമലൻ,
ഗ്രാമപഞ്ചായത്തംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |