
മാന്നാർ: കേരളത്തിലെങ്ങും റംസാന്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്നലെ ശഅബാൻ 30 പൂർത്തിയാക്കി ഇന്ന് റംസാൻ വ്രതാരംഭത്തിന് തുടക്കമായി. ആത്മശുദ്ധിയുടെയും സഹനത്തിന്റെയും കരുണയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഇനിയുള്ള ഒരു മാസക്കാലം പുണ്യമേറിയ ദിനരാത്രങ്ങളെ വിശ്വാസികൾ ആരാധനകളാൽ ധന്യമാക്കും.
റംസാനിനെ വരവേൽക്കാൻ മസ്ജിദുകളെല്ലാം ആഴ്ചകൾക്ക് മുമ്പേ അണിഞ്ഞൊരുങ്ങിയിരുന്നു. ഹിജ്റ കലണ്ടർ പ്രകാരം ഒൻപതാമത്തെ മാസമായ റമദാനിലാണ് പരിശുദ്ധ ഖുർആൻ അവതരിച്ചതും ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ ഒന്നായ വ്രതാനുഷ്ഠാനവും. ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളായാണ് ഈ മാസം ഇസ്‌ലാംമത വിശ്വാസികൾ കാണുന്നത്. വിശ്വാസികൾക്കായി ഏറെ സൗകര്യങ്ങളാണ് മസ്ജിദുകളിൽ പരിപാലന സമിതികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. ഇഫ്താറിനുശേഷമുള്ള മഗ്‌രിബ്, ഇശാ നിസ്കാരങ്ങൾ, റംസാനിലെ രാത്രികളിലെ പ്രത്യേകനിസ്കാരമായ തറാവീഹ് എന്നിവയുടെ സമയങ്ങളിലാണ് വിശ്വാസികൾ ഏറ്റവുംകൂടുതലായി മസ്ജിദുകളിൽ എത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ മസ്ജിദും പരിസരങ്ങളും ശുചീകരിച്ചതിന് പുറമേ നോമ്പുകഞ്ഞി വിതരണത്തിനും സമൂഹഇഫ്താറിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ചീഫ്ഇമാം കെ.സഹലബത്ത് ദാരിമി, അസിസ്റ്റന്റ് ഇമാം ഷഹീർബാഖവി എന്നിവർ പുത്തൻപള്ളി ജുമാമസ്ജിദിലും നിസാമുദ്ദീൻ നഈമി, ഷമീർ ബാഖവി എന്നിവർ കുരട്ടിക്കാട് ജുമാ മസ്ജിദിലും അമീർ സുഹ്‌രി മുട്ടേൽ തൈക്കാവിലും ആരാധനകൾക്കും മറ്റ്കർമ്മങ്ങൾക്കും നേതൃത്വം നൽകും. പാവുക്കര ജുമാമസ്ജിദിൽ ചീഫ്ഇമാം നൗഫൽ ഫാളിലിയും പാവുക്കര കല്ലുമ്മൂട് തൈക്കാവിൽ ആഷിഖ് ഹുമൈദിയും ഇരമത്തൂർ മുഹ്‌യിദ്ദീൻ ജുമാമസ്ജിദിൽ ചീഫ്ഇമാം ഡോ.മുഹമ്മദ് ജാബിർ അഹ്സനിയും അസിസ്റ്റന്റ് ഇമാം അൻവർഷാ മന്നാനിയും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |