
പൂച്ചാക്കൽ : ഒരു നാടിന്റെ ദീർഘനാളത്തെ ആഗ്രഹമായ പെരുമ്പളം പാലം മാർച്ച് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 100 കോടി രൂപ മുതൽ മുടക്കിലാണ് പാലം നിർമ്മിച്ചത്.
നാളെ ഉച്ചയ്ക്ക് സംഘാടക സമിതി യോഗം ചേർന്ന് ഉദ്ഘാടനത്തിന്റെ സമയക്രമം ഉൾപ്പെടെയുള്ള കാര്യപരിപാടികൾ തീരുമാനിക്കും.
പൂച്ചാക്കൽ–പെരുമ്പളം പാലം സഞ്ചാരത്തിന് സജ്ജമായതോടെ പെരുമ്പളം ദ്വീപ് നിവാസികൾ വലിയ ആഘോഷത്തിലാണ്. പാലം തുറക്കുന്നതോടെ പതിറ്റാണ്ടുകളായി ബോട്ടുകളെ ആശ്രയിച്ചിരുന്ന പെരുമ്പളം ദ്വീപ് നിവാസികൾക്ക് കരമാർഗമുള്ള യാത്ര സഫലമാകും. 12,000ത്തോളം ജനങ്ങൾ താമസിക്കുന്ന, 14 വാർഡുകളുള്ള ദ്വീപിന് പുത്തൻ വികസന കുതിപ്പേകും. ബോട്ടുകളെയും ജങ്കാറിനെയും ആശ്രയിച്ചിരുന്ന നാട്ടുകാർക്ക് ചികിത്സ, വിദ്യാഭ്യാസം, ചരക്കു ഗതാഗതം എന്നിവയിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ ഇനി പഴങ്കഥയാകും. റേഷൻ സാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇനി കരമാർഗം എത്തും. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഉടൻ സർവീസ് ആരംഭിക്കും. വടുതലയിലെ കെ.എസ്.ഇ.ബി നിലയത്തിൽ നിന്ന് പാലം വഴി പുതിയ കേബിൾ സ്ഥാപിച്ചതോടെ വൈദ്യുതി മുടക്കങ്ങൾ കുറയും. വിനോദസഞ്ചാരത്തിനും കാർഷിക വിപണിക്കും പുതിയ സാദ്ധ്യതകൾ തുറക്കുന്ന പാലം, ഒറ്റപ്പെട്ട ദ്വീപ് ജീവിതങ്ങൾക്ക് വികസനപഥത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാകും.
നീളം കൂടിയ പാലം
കായലിൽ നിർമ്മിച്ച പാലങ്ങളിൽ കേരളത്തിലെ ഏറ്റവും നീളം കൂടിയതെന്ന സവിശേഷത കൂടി പൂച്ചാക്കൽ–പെരുമ്പളം പാലത്തിനുണ്ട്. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ മധ്യഭാഗത്തെ 12 മീറ്റർ വീതിയിലുള്ള ബോക്‌സ്‌ട്രിംഗ് ആർച്ച് ഘടനയാണ് മുഖ്യ ആകർഷണം. മഴവിൽ നിറങ്ങളിൽ അലങ്കരിച്ച ഈ ഭാഗം വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകും. ഇരുവശങ്ങളിലും നടപ്പാതകളും 300 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുകളും ഒരുക്കിയിട്ടുണ്ട്. ജിയോഗ്രിഡ്, ജിയോടെക്സ്റ്റൈൽ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.