
ചേർത്തല: ചേർത്തലയിൽ ഭീമൻഗൗൺ തുന്നിയ പി.എ.ബിനുവിന് സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്ക്കാരം. തയ്യൽ മേഖലയിലെ തൊഴിലാളികൾക്കുള്ള പുരസ്ക്കാരമാണ് ബിനുവിനെ തേടിയെത്തിയത്. സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ 20 വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് അവാർഡ്. താലൂക്ക്,ജില്ല,റീജണൽ തലങ്ങളിൽ 500 പേരിൽ നിന്ന് അഭിമുഖം നടത്തി അവസാന ഘട്ടത്തിൽ ഉൾപ്പെട്ട മൂന്നു പേരിൽ നിന്നാണ് ബിനുവിനെ തൊഴിൽ വകുപ്പ് അവാർഡിന് തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് തിരുവനന്തപുരത്ത് വഴുതക്കാട് 27ന് വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
കടൽകടന്ന കരവിരുത്
ചേർത്തലയിൽ 80 മീറ്റർ തുണിയിൽ ഓസ്‌ട്രേലിയയിൽ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനാണ് വമ്പൻ ഗൗൺ ബിനു തുന്നിയത്. മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയെടുത്തത്. ജോബി ലൂയിസിന്റെയും പി.എ ബിനുവിന്റേയും ഉടമസ്ഥതയിൽ ചേർത്തല പാരഡൈസ് തീയറ്ററിന് സമീപത്തെ വൈബ് ഡിസൈനിംഗ് സ്റ്റിച്ചിംഗ് സെന്റസെന്ററിലാണ് ഗൗൺ റെഡിയാക്കിയത്.
25 വർഷമായി തയ്യൽ മേഖലയിൽ തൊഴിലാളിയായ ബിനു പട്ടണക്കാട് 14ാം വാർഡ് പുത്തൻതറ നികർത്തിൽ പരേതനായ അശോകന്റേയും ശ്രീമതിയുടേയും മകനാണ്. മൂന്ന് വർഷം മുമ്പാണ് ചേർത്തലയിൽ സ്ഥാപനം തുടങ്ങിയത്. ചേർത്തല കണ്ടമംഗലം ക്ഷേത്ര സമിതിയിലെ ഖജാൻജിയായ ബിനു, തയ്യൽ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അരൂർ ഏരിയ സെക്രട്ടറിയാണ്.ഭാര്യ: പി.പ്രിയാമോൾ.മക്കൾ:അശോക് കൃഷ്ണ,അവനീത് കൃഷ്ണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |