
ആലപ്പുഴ: തങ്ങളുടെ തൂലികയിലും നാവിലും വിരിഞ്ഞ കീർത്തനം ഇപ്പോൾ നന്ദഗോവിന്ദം ഭജൻസിലൂടെ നാടുമുഴുവൻ അറിയുന്നതിന്റെ ചാരിതാർഥ്യത്തിലാണ് ബാബുനാരായണനും ഡോ.ശൂരനാട് ഹരികുമാറും.
മാവേലിക്കര വള്ളികുന്നം പടയണിവെട്ടം ദേവീക്ഷേത്രത്തിൽ സോപാന ഗായകരായി ജോലിനോക്കവേ, 19 വർഷം മുമ്പ് 2007ൽ ക്ഷേത്രനടയിൽ വച്ചാണ് ശൂരനാട് നടുവിലെ മുറി മടശേരിൽ ബാബുനാരായണൻ 'ദാരികന്റെ ശിരസുകൊയ്തൊരു ഘോരരൂപിണി അംബികേ'..... എന്ന 20 വരി കീർത്തനം രചിച്ചത്. ഗുരുവും ഗായകനുമായ ഡോ.ശൂരനാട് ഹരികുമാറിന്റേതായിരുന്നു ആലാപനം. ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭദ്ര, ദുർഗ ദേവിമാരെ സ്തുതിച്ചുകൊണ്ടുള്ള കീർത്തനം വേണമെന്നത് ക്ഷേത്ര മേൽശാന്തിയായിരുന്ന പവിത്രമംഗലത്ത് നാരായണൻ നമ്പൂതിരിയുടെ അഭിലാഷമായിരുന്നു.
ക്ഷേത്രനടയിൽ ഒറ്റയിരുപ്പിൽ മിനിട്ടുകൾക്കകം പൂർത്തിയാക്കിയ കീർത്തനത്തിൽ മേൽശാന്തി സംതൃപ്തനായതോടെ, സംഗീതകലാകാരനും അദ്ധ്യാപകനുമായ ശ്രീപാദം മനോജിന്റെ നിർദ്ദേശപ്രകാരം ഓച്ചിറയിലെ സ്റ്റുഡിയോയിലെത്തി ആദ്യടേക്കിൽ തന്നെ റെക്കാർഡ് ചെയ്തു.
പടയണിവെട്ടം ക്ഷേത്രത്തിലെ കീർത്തനമെന്നനിലയിൽ പ്രഭാതത്തിലും പ്രദോഷത്തിലും മുഴങ്ങിക്കേട്ടിരുന്ന ഗാനം, പിന്നീട് കേരളത്തിലെ സോപാന കലാകാരൻമാരുടെ ഇടയിൽ തരംഗമായി. എന്നാൽ, നന്ദഗോവിന്ദം ഭജൻസ് ആലപിച്ചുതുടങ്ങിയതോടെയാണ് രചയിതാവിനെയും ഗായകനെയും നാടറിഞ്ഞത്.
ചുനക്കരക്ഷേത്രത്തിൽ പരിപാടിക്കിടെ നന്ദഗോവിന്ദം ഭജൻസ് ടീമിന്റെ ക്ഷണപ്രകാരം വേദിയിലെത്തി കീർത്തനം ആലപിച്ചതായിരുന്നു ബാബു നാരായണന്റെയും ഡോ.ശൂരനാട് ഹരികുമാറിന്റെയും ജീവിതത്തിലെ അസുലഭ നിമിഷം. ആലാപനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇവർക്ക് വിശ്രമമില്ലാതായി. ഉത്സവ സീസണിൽ നാടുനീളെ സ്വീകരണങ്ങളും ഉദ്ഘാടനങ്ങളുമാണ്. കൊല്ലം വെട്ടിക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സോപാന ഗായകനാണ് ഡോ.ശൂരനാട് ഹരികുമാർ. ശ്രീജ ഹരികുമാറാണ് ഭാര്യ. അദ്വൈത് ഹരി,അഭിമന്യു ഹരി എന്നിവർ മക്കളാണ്.
സോപാനത്തിലെത്തിച്ച
പെയിന്റിംഗ് പണി
ദക്ഷിണകേരളത്തിലെ അറിയപ്പെടുന്ന മേളപ്രമാണിയായിരുന്ന പരേതനായ ശൂരനാട് ശിവശങ്കരപ്പണിക്കരുടെ മകനാണ് ഡോ.ശൂരനാട് ഹരികുമാർ. വീട്ടിൽ പെയിന്റിംഗ് പണിക്കെത്തിയ ബാബുനാരായണനെ മകൻ ഹരികുമാറിനൊപ്പം സോപാനസംഗീത ലോകത്തേക്ക് കൈപിടിച്ചെത്തിച്ചത് ശിവശങ്കരപ്പണിക്കരാണ്.
പെയിന്റിംഗ് ജോലിക്കിടെ ബാബുനാരായണനും കൂട്ടുകാരും പാട്ടുപാടുന്നത് ശ്രദ്ധയിൽപ്പെട്ട ശിവശങ്കരപ്പണിക്കർ, സോപാന സംഗീതം അഭ്യസിപ്പിക്കുകയായിരുന്നു. പ്രാരാബ്ധം കാരണം അരങ്ങേറ്റത്തിൽ നിന്ന് പിൻമാറാനൊരുങ്ങിയ ബാബുവിനെ ക്ഷേത്രകലാരംഗത്ത് പിടിച്ചുനിറുത്തിയതും അദ്ദേഹമാണ്. കുട്ടിക്കാലത്തേ പുരാണപാരായണം അഭ്യസിച്ച ബാബുനാരായണനെ പ്രീഡിഗ്രിക്ക് ശേഷം വള്ളിക്കാവ് അമൃതാനന്ദമയീമഠം വക ഐ.ടി.ഐയിലെ പഠനം ക്ഷേത്രവിഷയങ്ങളിൽ തത്പരനാക്കി. ഇതിനകം 100ലധികം ക്ഷേത്രങ്ങളിലെ കീർത്തനരചയിതാവായി. 2022ൽ രവീന്ദ്രൻമാസ്റ്റർ പുരസ്കാരവും2023ൽ ഫോക്‌ലോർ അക്കാഡമി അവാർഡും നേടി. ബിന്ദുവാണ് ഭാര്യ.അനഘ ബാബു, അനുജ ബാബു എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |