അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യത്തിന് ഐ.സി.യു കിടക്കകളില്ലാത്തത് രോഗികൾക്ക് ദുരിതമാവുന്നു. ഐ.സി.യു സൗകര്യം ലഭിക്കാതെ ദിനംപ്രതി പത്തോളം രോഗികളെയെങ്കിലും വിവിധ സ്വകാര്യ ആശുപത്രികളിലേക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകേണ്ടി വരുന്നുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലുമായി ആകെ 165 ഐ.സി.യു കിടക്കകളാണ് ഉള്ളത്. ഇതിൽ 30 എണ്ണം തകരാറിലാണ്. ജി.ഐ.സി.യു - 5, സി.ടി.വി.എസ്-10, ട്രോമാ ഐ.സി.യു-9, കാത്ത് ഐ.സി.യു-9, സ്ട്രോക്ക് ഐ.സി.യു- 6, ട്രാൻസ്പ്ളാന്റ് ഐ.സി.യു- 2, ന്യൂറോ സർജറി ഐ.സി.യു - 8, യൂറോ ഐ.സി.യു-8, എം.ഐ.സി.യു- 11, എസ്.ഐ.സി.യു- 16, എസ്.ഡി ഐ..സി.യു-9, ഐ.സി.സി.യു- 14,പി.ഐ.സി.യു - 12, ഒ.ബി.എൻ-12, ഐ.ബി.എൻ-8, എസ്.എൻ.ഡി.യു - 9, എൽ. ആർ.ഐ.സി.യു -8 എന്നിങ്ങനെയാണ് കിടക്കകളുടെ എണ്ണം.
കൊല്ലം ജില്ലയുടെ വടക്കേയറ്റം മുതൽ എറണാകുളം ജില്ലയുടെ തെക്കേയറ്റം വരെയുള്ള ഭാഗങ്ങളിൽ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ ആദ്യം എത്തിക്കുന്നത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്. ദേശീയപാതയ്ക്കരികിലുള്ളതിനാൽ അപകടത്തിൽപ്പെടുന്നവരെ ആദ്യം എത്തിക്കുന്നതും ഇവിടേക്കാണ്. ഇവിടെ ഐ.സി.യു കിടക്കകൾ ഒഴിവില്ലാത്തതിനാൽ മറ്റ് ആ,ശുപത്രികളിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന സമയനഷ്ടം രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കും.ഐ.സി.യു കിടക്കകൾ ലഭിക്കാത്തതിനാൽ ഇവിടെ എത്തിക്കുന്ന അത്യാസന്ന നിലയിലുള്ള രോഗികളെ പിന്നീട് സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്.
നിരവധി രോഗികളാണ് ഐ.സി.യു കിടക്കകൾ ലഭിക്കാത്തതിനാൽ മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്നത്. രോഗികൾക്ക് ശ്വാസം നൽകുന്ന സി.പി.എ.പി മെഷീനുകൾ വാർഡുകളിൽ 10 എണ്ണം വീതം വെച്ചാൽ ഒരു പരിധി വരെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാനാകും
- യു.എം.കബീർ പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |