
അമ്പലപ്പുഴ: പതിവുപോലെ ഭാര്യയോട് യാത്ര പറഞ്ഞ് മത്സ്യ ബന്ധനത്തിന് പോയ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡ് നീർക്കുന്നം ആണ്ടവൻ വീട്ടിൽ രഞ്ജൻ (65) തിരികെയെത്തിയത് ചേതനയറ്റ്. ഇതോടെ നിലച്ചത് ഒരുകുടുംബത്തിന്റെ ഏക ആശ്രയം. രഞ്ജനും ഭാര്യ ഗിരിജയും മകൾ ജീഷ്മ, മകൻ ജിതിനുമായി വളരെ സന്തോഷത്തോടെ ഓല ഷെഡിലാണ് കഴിഞ്ഞിരുന്നത്. അദ്ധ്വാനിച്ച് മകൾ ജീഷ്മയെ പുന്നപ്രയിൽ വിവാഹം ചെയ്‌തയച്ചു. മകൾ ഭർത്താവ് രഞ്ജിത്തുമായി സുഖമായി കഴിയുന്നു. ഇതിനിടെയാണ് മുംബെയിൽ 3ഡി.ആർക്കിടെക്ട് ആയിരുന്ന മകൻ ജിതിൻ കൊവിഡ് ബാധിച്ച് മരിച്ചത്. സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം പൂർത്തിയാകും മുമ്പായിരുന്നു ആ വേർപാട്. ഇതിന്റെ വിഷമത്തിൽ ഹൃദയം തകർന്നുപോയ രഞ്ജന് ദീർഘകാലം ചികിത്സയിൽ കഴിയേണ്ടിവന്നു. എന്നാൽ, ഇതൊന്നും വയ്ക്കാതെ അടച്ചുറപ്പുള്ള വീട്
എന്ന മകന്റെ സ്വപ്നം സഫലമാക്കാൻ വേണ്ടി 65 കാരനായ രഞ്ജനും ഭാര്യ ഗിരിജയും ജോലി ചെയ്യുകയായിരുന്നു. ഗിരിജ ചെമ്മീൻപീലിംഗ് തൊഴിലാളിയാണ്. ചികിത്സയും വീടുപണിയും ഒരുമിച്ച് കൊണ്ടുപോകാൻ അവർ നന്നേ പ്രയാസപ്പെട്ടു. അതിനായി പ്രായം മറന്ന്, വിശ്രമമില്ലാതെ രഞ്ജനും അദ്ധ്വാനിച്ചു. എന്നിട്ടും വീടുപണി പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഇതിനിടെയാണ് രഞ്ജനെ വിധി തട്ടിയെടുത്തത്.രഞ്ജന്റെ വേർപാട് വിശ്വസിക്കാനാകാതെ നാടും നടുക്കത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |