ആലപ്പുഴ: ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ കൊട്ടിക്കലാശ വേദികളിൽ ആവേശം നിറച്ചത് 'സ്വർണം കട്ടവനാരപ്പാ' എന്ന പാരഡി ഗാനമാണ്. ഹിറ്റ് പാരഡിക്കൊപ്പം പ്രവർത്തകർ ആവേശത്തോടെ ചുവടുവച്ചു. വാദ്യ മേളങ്ങളും സിനിമാഗാനങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു യു.ഡി.എഫിന്റെ കൊട്ടിക്കലാശം.
ചെങ്ങന്നൂരിൽ നന്ദാവനം ജംഗ്ഷനിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി എബി കുര്യാക്കോസിന്റെ കൊട്ടിക്കലാശം, വാഹനത്തിന് മുകളിൽ നിന്ന് സ്ഥാനാർത്ഥി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ത്രിവർണ പതാകയേന്തി വലിയ ജനസഞ്ചയമാണ് കൊട്ടിക്കലാശം കൊഴുപ്പിക്കാനെത്തിയത്.
മാവേലിക്കരയിൽ ചാരുംമൂട്ടിലായിരുന്നു അഡ്വ.മുത്താര രാജിന്റെ കലാശക്കൊട്ട്. പ്രവർത്തകർക്കൊപ്പം ചാരുമൂട് ജംഗ്ഷനിലെത്തിയ സ്ഥാനാർത്ഥി ക്രെയിനിൽ കയറി നിന്നാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. മൂവർണ പതാകതകൾ നിറഞ്ഞ അന്തരീക്ഷത്തിൽ ആട്ടവും പാട്ടുമായി പ്രവർത്തകർ ആവേശത്തിലായി.
ഹരിപ്പാട് സിറ്റിംഗ് എം.എൽ.എ കൂടിയായ രമേശ് ചെന്നിത്തല പ്രവർത്തകർക്കൊപ്പം എഴിക്കകത്ത് ജംഗ്ഷനിലെത്തിയാണ് കലാശക്കൊട്ടിനെത്തിയത്. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ ചിത്രംപതിച്ച ടീ ഷർട്ടും ധരിച്ച് വിജയം ആവർത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ ആഘോഷമാക്കിയത്.
കായംകുളത്ത് എം.ലിജുവിനായി അണികൾ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തി. പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം തുടർച്ചയായി ആവർത്തിച്ചത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി. പാട്ടിന്റെ അകമ്പടിയിൽ ചുവടുവച്ചാണ് പ്രവർത്തർ പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ ആഘോഷമാക്കിയത്.
കുട്ടനാട്ടിൽ സ്വന്തം ചിഹ്നമായ ഓട്ടോറിക്ഷകളുടെ അകമ്പടിയിലാണ് സ്ഥാനാർത്ഥി റെജി ചെറിയാൻ കൊട്ടിക്കലാശത്തിനായി രാമങ്കരി ജംഗ്ഷനിലെത്തിയത്. ഇരുചക്രവാഹനങ്ങളും പ്രവർത്തകരും അകമ്പടിയേകി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പ്രവർത്തകർ ആവേശത്തോടെ കലാശക്കൊട്ട് കൊഴുപ്പിച്ചു. ക്രെയിനിൽ കയറി നിന്നാണ് സ്ഥാനാർത്ഥി പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർത്ഥി ജി.സുധാകരന് അമ്പലപ്പുഴ നഗരത്തിലും, ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയിലും കലാശക്കൊട്ടുണ്ടായിരുന്നു. ഇരു കേന്ദ്രങ്ങളിലും വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വട്ടപ്പള്ളിയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ വോട്ടർമാരിലേക്ക് അവസാനമായി എത്തിക്കാനുള്ള അവസരമെന്ന നിലയിൽ പൊതുസമ്മേളനത്തിനായിരുന്നു പ്രാധാന്യം. സ്ഥാനാർത്ഥി സ്ഥലത്തെത്തിയതോടെ കളം മാറി. പ്രവർത്തകർ അത്യന്തം ആവേശത്തോടെയാണ് കൊട്ടിക്കലാശം കൊഴുപ്പിച്ചത്.
ആലപ്പുഴയിൽ എ.ഡി.തോമസിന്റെ കൊട്ടിക്കലാശം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൈചൂണ്ടി മുക്കിലായിരുന്നു പ്രവർത്തകർ ഒത്തുകൂടിയത്. ഉച്ച മുതൽ ആരംഭിച്ച റോഡ് ഷോ കലവൂരിൽ നിന്ന് നൂറു കണക്കിന് അണികളുടെ അകമ്പടിയിലാണ് കൈചൂണ്ടിയിലെത്തിയത്.
ചേർത്തലയിൽ അഡ്വ.രാജേന്ദ്രപ്രസാദിന്റെ വിജയം ലക്ഷ്യമിട്ട് കാർത്ത്യായനി ക്ഷേത്രത്തിന് സമീപം നൂറ് കണക്കിന് പ്രവർത്തകരാണ് ഒത്തുചേർന്നത്. തുറന്ന വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, മുകളിലേക്ക് സ്ഥാനാർത്ഥി കയറിയതോടെ പ്രവർത്തകരും ആവേശക്കൊടുമുടിയിലായി.
അരൂരിൽ ഷാനിമോൾ ഉസ്മാന്റെ കൊട്ടിക്കലാശത്തിനായി തുറവൂർ പറയങ്കാടാണ് പ്രവർത്തകർ പാട്ടും മേളവുമായി ഒത്തുചേർന്നത്. ലോറിയടക്കമുള്ള വാഹനങ്ങളാണ് രംഗം കൊഴുപ്പിക്കാനായി ഇറക്കിയിരുന്നത്. വനിതാ പ്രവർത്തകരുടെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |