
ആലപ്പുഴ: ബാലറ്റ് വിതരണത്തിലും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരികെ വാങ്ങി എ.ആർ.ഒയുടെ വശം എത്തിക്കുന്നതിലും ജില്ലയിലും ക്രമക്കേടുകൾ നടക്കുന്നതായി ആക്ഷേപമുയരുന്നു. വയോധികരുടെ വോട്ടുകൾ ജനപ്രതിനിധികളടക്കം വിനിയോഗിക്കുന്നുവെന്ന ആക്ഷേപങ്ങൾക്ക് പുറമേ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ ബാലറ്റുകൾ വിവിധ പാർട്ടിക്കാർ കൂട്ടത്തോടെ കൈയടക്കുന്നതായും ആരോപണമുണ്ട്. അപേക്ഷ സമർപ്പിച്ച ഉദ്യോഗസ്ഥരുടെ മേൽവിലാസത്തിലാണ് ബാലറ്റ് പേപ്പർ ലഭിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒപ്പ് സഹിതം വാങ്ങുന്ന ബാലറ്റുകൾ കൂട്ടത്തോടെ പാർട്ടി ഓഫീസുകളിൽ എത്തിച്ച് പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതായാണ് ആക്ഷേപം. സമ്മതിദാനം രഹസ്യമായി വിനിയോഗിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടി തിരിച്ചറിഞ്ഞിട്ടും, രാഷ്ട്രീയ പകപോക്കലുണ്ടാകുമെന്ന് ഭയന്ന് മിണ്ടാതിരിക്കുകയാണെന്ന് ഏതാനും ഉദ്യോഗസ്ഥർ പറയുന്നു. തങ്ങൾ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കല്ല വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമായാൽ രാഷ്ട്രീയക്കാർ ബാലറ്റ് അസാധുവാക്കാൻ സാദ്ധ്യതയുണ്ടെന്നും ഇവർ ആരോപിക്കുന്നു. തപാൽ വോട്ടുകൾ സമാഹരിക്കാനോ അതിൽ ഇടപെടാനോ രാഷ്ട്രീയ പാർട്ടികൾക്കോ മുന്നണികൾക്കോ അവകാശമില്ലെന്ന് ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കാലാകാലങ്ങളായി തങ്ങളുടെ ബാലറ്റുകൾ രാഷ്ട്രീയക്കാർ വന്ന് കൈക്കലാക്കുന്നതാണ് പതിവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ബാലറ്റ് പലരുടെ കൈകൾ മാറി എത്തുമ്പോൾ, ഒന്നിലധികം പേർക്ക് വോട്ട് രോഖപ്പെടുത്തുക, കേടുപാടുകൾ വരുത്തുക, വരണാധികാരി നൽകിയ 13സി കവർ മാറ്റുക, വോട്ടറെ തിരിച്ചറിയുന്ന അടയാളങ്ങൾ രേഖപ്പെടുത്തുക തുടങ്ങിയ ക്രമക്കേടുകൾ വരുത്തി വോട്ട് അസാധുവാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ബാലറ്റ് നേരിട്ട് എത്തിക്കാൻ സംവിധാനം വേണം
അപേക്ഷ പ്രകാരം ലഭിക്കുന്ന ബാലറ്റ് പേപ്പർ, വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടർ തന്നെ നിശ്ചിത കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ തിയതിക്ക് മുമ്പ് എത്തിച്ച് ഒപ്പിടണമെന്ന് നിയമം പരിഷ്കരിച്ചാൽ തപാൽ വോട്ടിൽ കാണിക്കുന്ന കൃത്രിമങ്ങൾക്ക് വലിയൊരളവ് വരെ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും.
നിരസിക്കാൻ കാരണങ്ങളേറെ
തപാൽ വോട്ട്, ഇലക്ട്രോണിക്കൽ ട്രാൻസ്മിറ്റഡ് തപാൽ വോട്ട് (ഇ.ടി.പി.ബി) എന്നിങ്ങനെ രണ്ടുതരം തപാൽ വോട്ടുകളാണ് ഉള്ളത്. ഇവ രണ്ടും തപാൽ മാർഗം തന്നെയാണ് വരണാധികാരിക്കു ലഭിക്കുന്നത്. എന്നാൽ സാധാരണ തപാൽ വോട്ട് വരണാധികാരിക്ക് നേരിട്ടു കൈമാറാം. വോട്ടെണ്ണൽ തുടങ്ങാൻ നിശ്ചയിച്ച സമയത്തിനു മുമ്പേ അവ വരണാധികാരിക്കു കൈമാറിയിരിക്കണം. തപാൽ വോട്ടുകൾ 13 ബി എന്ന കവറിലാകും ഉണ്ടാകുക. ഈ കവർ 13എയിലുള്ള പ്രഖ്യാപനത്തോടൊപ്പം 13സി കവറിനുള്ളിൽ നിക്ഷേപിച്ചാകും വരണാധികാരിക്ക് ലഭിക്കുക. ഇവയുടെ പരിശോധനയിൽ നാലു കാരണങ്ങളാൽ തപാൽ വോട്ടുകൾ നിരസിക്കപ്പെടാം.
13 എ ഇല്ലാത്ത പക്ഷം
13എയിൽ ഒപ്പുവച്ചിട്ടില്ലെങ്കിൽ
13എ യഥാവിധി സാക്ഷ്യപ്പെടുത്താത്ത പക്ഷം
13എയിലെ സീരിയൽ നമ്പർ 13ബിക്കു പുറത്തുള്ള സീരിയൽ നമ്പരുമായി യോജിക്കാത്തപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |