ആലപ്പുഴ: ലഘുഭക്ഷണം കഴിച്ചുകൊണ്ട് സിനിമ ആസ്വദിക്കുന്ന ശീലമുള്ളവരുടെ പോക്കറ്റ് വലിച്ചുകീറാൻ സുപ്രീം കോടതി വിധിയുടെ മറവിൽ അണിയറ ഒരുക്കങ്ങൾ ആരംഭിച്ചു. തിയേറ്ററുകളിൽ കുടിവെള്ളമൊഴികെ പുറത്തു നിന്നുള്ള ഭക്ഷണപാനീയങ്ങൾ വിലക്കാൻ ഉടമയ്ക്ക് അധികാരമുണ്ടെന്നായിരുന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ തിയേറ്ററുകൾക്കൊപ്പമുള്ള ഭക്ഷണശാലകളുടെ വ്യാപാര സാദ്ധ്യതകൾ ഉയരുമ്പോൾ, സിനിമ കാണാനെത്തുന്നവർക്ക് അത് തിരിച്ചടിയാവും.
ഭൂരിഭാഗം തിയേറ്ററുകളും മൾട്ടിപ്ലക്സ് നിലവാരത്തിലേക്ക് ഉയർന്നു. രണ്ടര മൂന്ന് മണിക്കൂർ നീളുന്ന സിനിമാ സമയത്തിനൊപ്പം ആസ്വദിക്കാൻ ജങ്ക് ഫുഡ് വിഭാഗത്തിലെ ഭക്ഷണങ്ങളാണ് എല്ലാ തിയേറ്ററുകളിലെയും കഫറ്റീരിയകൾ തയ്യാറാക്കുന്നത്. പുറത്തെ കടകളിൽ ഈടാക്കുന്നതിന്റെ ഇരട്ടി വിലയാണ് ഇവയിൽ പലതിനും. വരുമാനത്തിന്റെ 30 ശതമാനം വരെ തിയേറ്ററിലെ ഭക്ഷണശാല വഴി ഉടമയ്ക്ക് ലഭിക്കും. കോടതി വിധി വന്നതോടെ ഭക്ഷണ മെനുവിലെ വിഭവങ്ങളുടെ എണ്ണം കൂട്ടാനുള്ള ആലോചനയിലാണ് തിയേറ്റർ ഉടമകൾ. ഉടമകൾ നേരിട്ട് നടത്തുന്നതും കരാറിന് നൽകിയിരിക്കുന്നതുമായ ഭക്ഷണശാലകളാണ് തിയേറ്ററുകളിൽ പ്രവർത്തിക്കുന്നത്.
ചിക്കൻ സമോസ- 160 രൂപ!
പരമാവധി 50 ഗ്രാം വരുന്ന പോപ്പ് കോണിന് മൾട്ടിപ്ലക്സ് തിയേറ്ററിൽ വില ആരംഭിക്കുന്നത് 100 രൂപയിലാണ്. ഫ്ലേവറുകൾ മാറുന്നതനുസരിച്ച് വിലയും കൂടും. പുറത്തെ വൻകിട കഫേകളിൽ പോലും 70 രൂപയ്ക്ക് ലഭിക്കുന്ന ഫ്രെഞ്ച് ഫ്രൈസിനും വില 100ൽ ആണ് തുടങ്ങുന്നത്. 30-40 രൂപ വരുന്ന അര ലിറ്റർ കോള തിയേറ്ററിൽ വിൽക്കുന്നത്, ഗ്ളാസൊന്നിന് 80 രൂപയ്ക്കാണ്; പരമാവധി 200-250 മില്ലി കാണും! ഒരു ചിക്കൻ സമോസയ്ക്ക് 160 രൂപ നൽകണം. രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾക്കുള്ള ഭക്ഷണത്തിനൊഴികെ മറ്റെല്ലാ പുറംഭക്ഷണങ്ങൾക്കും പൂർണമായ വിലക്കുണ്ട്.
ഭക്ഷണം വാങ്ങാൻ ആരെയും പ്രേരിപ്പിക്കുന്നില്ല. സിനിമ എവിടെ കാണണമെന്ന് തീരുമാനിക്കാൻ പ്രേക്ഷകർക്ക് അവകാശമുള്ളത് പോലെ തിയേറ്ററിലെ നിയമങ്ങൾ തീരുമാനിക്കാൻ മാനേജ്മെന്റിനും അധികാരമുണ്ട്. പോപ്പ് കോണും ഐസ്ക്രീമും മാത്രമായി ഒതുങ്ങിയിരുന്ന കാലത്തിൽ നിന്ന്, സിനിമയ്ക്കിടയിൽ നൽകുന്ന ഭക്ഷണ ഓർഡറുകൾ പ്രേക്ഷകന്റെ സീറ്റിലെത്തിക്കുന്ന തരത്തിൽ സേവനങ്ങൾ വളർന്നിട്ടുണ്ട്
തിയേറ്റർ ഉടമകൾ
സിനിമ കാണുന്നതിനൊപ്പം ലഘുഭക്ഷണവും കഴിക്കുന്നത് ശീലമാണ്. കുടുംബമായി എത്തുമ്പോൾ തീർച്ചയായും വ്യത്യസ്ത വിഭവങ്ങൾ വാങ്ങും. ഇതോടെ സിനിമ ടിക്കറ്റിനെക്കാൾ വലിയ തുക ഭക്ഷണത്തിന് മുടക്കേണ്ടി വരും. പുറത്തെ ഭക്ഷണശാലകൾ ഈടാക്കുന്നതിലും അധിക വിലയാണ് തിയേറ്ററുകളിൽ
നസീല നവാസ്, പ്രേക്ഷക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |