കണ്ണൂർ: പുലർച്ചെ 2.15ന് ആരംഭിക്കുന്ന ദിനചര്യ, പശുത്തൊഴുത്തിലെ പണികൾ, പൂജാമുറിയിലെ പ്രാർത്ഥനകൾ, പത്രവായന, എല്ലാം കഴിഞ്ഞ് രാവിലെ ആറു മണിയോടെ താണ മാണിക്കക്കാവിനടുത്തുള്ള വീട്ടിലെ ക്ലിനിക്കിലെത്തുന്ന രോഗികളെ സ്വീകരിക്കാൻ തയ്യാറാകുന്ന ഡോക്ടർ. രണ്ടുരൂപ മാത്രം വാങ്ങി അരനൂറ്റാണ്ടോളം സേവനം ചെയ്ത ഡോ. എ.കെ. രൈരു ഗോപാൽ 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്‌നേഹവും കുറിച്ചുകൊടുത്താണ് വിടവാങ്ങിയത്.
'സേവനത്തിലൂടെ ലഭിക്കുന്ന സുഖം അതുവേറെയാണ്' എന്ന് രൈരു ഗോപാൽ പറയുന്നത് മനസ്സറിഞ്ഞാണ്. നാടും നഗരവും വ്യത്യാസമില്ലാതെ ഡോക്ടർമാർ നാനൂറും അഞ്ഞൂറും രൂപ ഫീസായും അതിലുമേറെ തുക മരുന്നിനായും ഈടാക്കുമ്പോഴാണ് രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറുടെ മാലാഖക്കുപ്പായമണിഞ്ഞത്.
ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടറുടെ ഓർമ്മകൾ കണ്ണൂരിന്റെ ഹൃദയത്തിൽ എന്നുമുണ്ടാകും.
സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായാണ് നൽകിയിരുന്നത്. മൂന്നു ദിവസത്തിനു ശേഷവും രോഗം മാറിയില്ലെങ്കിൽ, വീണ്ടുമെത്തുന്ന രോഗികളിൽ നിന്ന് ഫീസ് ഈടാക്കില്ലെന്നു മാത്രമല്ല, മരുന്നുകൾ സൗജന്യമായി നൽകുകയും ചെയ്തിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികൾ എത്തിയിരുന്നു.
യൗവനകാലത്ത് ദിവസേന മുന്നൂറും നാനൂറും രോഗികൾ ഡോക്ടറെ തേടിയെത്താറുണ്ടായിരുന്നു. അന്ന് പുലർച്ചെ മൂന്നു മുതൽ പരിശോധന തുടങ്ങിയിരുന്നു. ഏറെക്കാലം ഭാര്യ ഡോ. ശകുന്തളയും പരിശോധനയിൽ സഹായിക്കാനുണ്ടായിരുന്നു. വർഷങ്ങൾക്കുമുമ്പ് പരിശോധന തുടങ്ങിയ കാലത്ത് ചികിത്സിക്കാനായി ഒരു രോഗിയുടെ വീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനവഴിയിലെത്തിച്ചത്. ഉടുതുണിക്ക് മറുതുണിയില്ലാത്തതിനാൽ ഒരു സമയം വീട്ടിലെ ഒരാൾക്ക് മാത്രമാണ് പുറത്തിറങ്ങാനാവുക. പണമൊന്നും വാങ്ങാതെ അന്നു തുടങ്ങിയ ചികിത്സയാണ് സൗജന്യ നിരക്കിൽ ഇക്കാലമത്രയും തുടർന്നത്.
പിതാവിന്റെ ഉപദേശം
'പണമുണ്ടാക്കാനാണെങ്കിൽ മറ്റെന്തെങ്കിലും പണിക്ക് പോയാൽ മതി' പിതാവ് ഡോ. എ. ഗോപാലൻ നമ്പ്യാറിന്റെ ഈ ഉപദേശമാണ് രൈരു ഗോപാലിന്റെ ജീവിതത്തെ നിർണയിച്ചത്. നാലു മക്കളും ഡോക്ടറായപ്പോൾ ഗോപാലൻ നമ്പ്യാർ അവരെ അടുത്തുവിളിച്ച് ഈ പ്രൊഫഷന്റെ ധാർമ്മികതയെക്കുറിച്ച് സംസാരിച്ചു. 'പണമുണ്ടാക്കാനാണെങ്കിൽ പാരയുമായി ബാങ്ക് പൊളിക്കാൻ പോയാൽ മതി, ഈ തൊഴിലിൽ നിൽക്കരുത്' ഈ വഴിയിലാണ് നാലുമക്കളും കടന്നുപോയത്.
വിലകുറഞ്ഞ ഗുണമേന്മയുള്ള മരുന്നുകൾ
മരുന്നുകമ്പനികളുടെയും കോർപറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടർ വീഴാത്തതിനാൽ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറാറില്ലായിരുന്നു. ലക്ഷങ്ങൾ വില വരുന്ന സമ്മാനങ്ങളിലോ ആഡംബര യാത്രകളിലോ കമ്മിഷൻ വ്യവസ്ഥകളിലോ അദ്ദേഹത്തിന്റെ കണ്ണ് മഞ്ഞളിച്ചില്ല. വിലകുറഞ്ഞ ഗുണമേന്മയുള്ള മരുന്നുകളാണ് ഡോക്ടർ കുറിക്കുന്നതെന്ന് കണ്ണൂർക്കാർ കണ്ണടച്ചുപറയും.
തൊഴിലാളികളുടെ സുഹൃത്ത്
രോഗികളുടെ ജീവനും സമയവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവർത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തിൽ പുലർച്ചെയാണ് പരിശോധന. കൂലിപ്പണിക്കാരുടെയും തുച്ഛവരുമാനമുള്ള തൊഴിലാളികളുടെയും ജോലി മുടങ്ങാതിരിക്കാൻ തന്റെ പരിശോധനാ സമയം ക്രമപ്പെടുത്തിയ ഡോക്ടർ ഒരുപക്ഷെ ലോകത്തെവിടെയും ഉണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |