കൊച്ചി: തുടക്കം മുതൽ നിർജീവാവസ്ഥയിലായിരുന്ന കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടിക്ക് (കെ.എം.ടി.എ) ജീവശ്വാസം നൽകാൻ കോടതി ഇടപെടൽ തുണയ്ക്കുമെന്ന് പ്രതീക്ഷ.
2019 നവംബറിലാണ് കെ.എം.ടി.എ ബിൽ നിയമസഭ പാസാക്കിയത്. 2020 നവംബറിലായിരുന്നു ഔദ്യോഗിക തുടക്കം. അധികാരപരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. പ്രവർത്തനത്തിന് രൂപരേഖയില്ല. എല്ലാ വർഷവും അതോറിട്ടിക്കായി സർക്കാർ കോടികൾ നീക്കിവയ്ക്കുന്നുണ്ട്. റെഗുലേറ്ററി ബോർഡ് പോലെയൊരു സംവിധാനം ഇല്ലാത്തതിനാൽ ഫണ്ട് ചെലവഴിക്കാൻ മാർഗമില്ല. റവന്യു ടവറിൽ 80,000 രൂപ വാടകയ്ക്ക് എടുത്ത ഓഫീസ് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഒരു ജീവനക്കാരനെ പോലും നിയമിച്ചില്ല. സി.ഇ.ഒ ഇല്ലാത്തതാണ് ഏറ്റവും വലിയ പരാജയം.
* വലിയ ലക്ഷ്യങ്ങൾ
ആദ്യം കൊച്ചിയിലും പിന്നീട് തിരുവനന്തപുരത്തും കോഴിക്കോടും മെട്രോപോളിറ്റൻ അതോറിട്ടി ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നഗരങ്ങളിലെ വിവിധ ഗതാഗതസംവിധാനങ്ങൾ ഏകോപിപ്പിക്കൽ, സംയോജിത നഗര ഗതാഗതരംഗത്ത് രാജ്യത്തെ മുൻനിര സംവിധാനമാകുക, നഗരങ്ങൾക്കായി ഏകീകൃത ഗതാഗതപദ്ധതി എന്നിവയെല്ലാം ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു.
* ചുമതലകൾ
ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും മേൽനോട്ട ചുമതല,
പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം എന്നിവയ്ക്കുള്ള സ്വതന്ത്ര അധികാരം,
ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിലെ തടസങ്ങൾ നീക്കുക
* ഇടപെടാതെ ജനപ്രതിനിധികൾ
മുപ്പത് ഗ്രാമപഞ്ചായത്തുകളുടെയും ഒമ്പത് മുനിസിപ്പാലിറ്റികളുടെയും പാർക്കിംഗ് ഉൾപ്പെടെയുള്ള ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കെ.എം.ടി.എ പ്രവർത്തനരഹിതമാകാനുള്ള കാരണമെന്താണെന്ന് ജില്ലയിൽ നിന്നുള്ള ഒരു എം.എൽ.എ പോലും ഇതുവരെ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിട്ടില്ല. രാജ്യത്തിനാകെ മാതൃകയാകുമെന്നു കരുതിയ പദ്ധതിയാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്.
*മേയർക്ക് കൂടുതൽ ചുമതല
കെ.എം.ടി.എ നടത്തിപ്പിൽ മേയർ എം. അനിൽകുമാറിന് കൂടുതൽ ചുമതലകൾ നൽകാൻ ചെയർമാൻ കൂടിയായ മന്ത്രി ആന്റണി രാജു ഡിസംബറിൽ നിർദേശം നൽകിയെങ്കിലും കാര്യങ്ങളിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. തിരുവനന്തപുരത്ത് താമസിക്കുന്ന മന്ത്രിക്ക് ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയുന്നില്ലെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മേയർക്ക് അദ്ദേഹം ചുമതലകൾ വിട്ടുകൊടുത്തത്.
നാലു മാസത്തിനകം കൊച്ചി മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിട്ടിക്ക് രൂപം നൽകണമെന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവ് കെ.എം.ടി.എയ്ക്ക് ശാപമോക്ഷം നൽകുമെന്നാണ് പ്രതീക്ഷ. ജൂലായ് 18ന് ഹർജി വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |