കൊച്ചി: വ്യവസായരംഗത്ത് ശ്രദ്ധേയനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നവീന സംരംഭമായ ചിറ്റിലപ്പിള്ളി സ്‌ക്വയർ ഏപ്രിൽ മൂന്നിന് കാക്കനാട്ട് പ്രവർത്തനം ആരംഭിക്കും. കേരളത്തിലെ ആദ്യത്തെ വിവിധോദ്യേശ പാർക്കായ ചിറ്റിലപ്പിള്ളി സ്‌ക്വയർ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ കീഴിലാണ് പ്രവർത്തിക്കുക.
കാക്കനാട്ട് സീപോർട്ട് എയർപോർട്ട് റോഡിൽ ഭാരത് മാതാ കോളേജിന് എതിർവശത്ത് 11 ഏക്കർ സ്ഥലത്താണ് 145 കോടി രൂപ ചെലവിൽ സ്‌ക്വയർ ഒരുക്കിയത്. നഗരത്തിലെ തിരക്കുകളിൽ നിന്നും ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങളിൽ നിന്നും മാറി ഒത്തുചേരാനും ഉല്ലസിക്കാനുമുള്ള വേദിയാണിതെന്ന് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെൽനെസ് പാർക്ക്, ഇവന്റ് ഹബ്, ഭക്ഷണശാല എന്നിവ പാർക്കിലുണ്ട്.
ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് പാർക്ക് സജ്ജമാക്കിയത്. ഓപ്പൺ ജിം, നടക്കാനും ഓടാനും സൈക്കിളോടിക്കാനും ട്രാക്കുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഉദ്യാനം, ഡബിൾ ലെവൽ റോപ്പ്, റോക്ക് ക്ളൈംബിംഗ്, ക്രിക്കറ്റ് ബാറ്റിംഗ് പിച്ച്, ബാസ്കറ്റ്, വോളി കോർട്ടുകൾ, റോളർ സ്കേറ്റിംഗ്, നീന്തൽകുളം, ചിൽഡ്രൺസ് ട്രാഫിക് പാർക്ക്, ശലഭോദ്യാനം എന്നിവയുണ്ട്.
വിവാഹം, കോർപ്പറേറ്റ് ഇവന്റുകൾ, പരിശീലനങ്ങൾ, പ്രദർശനം, കലാനിശകൾ, അവാർഡ് ഷോകൾ എന്നിവയ്ക്ക് ഹാളുകളുണ്ട്. 22 സ്യൂട്ട് മുറികളും ഒരുക്കിയിട്ടുണ്ട്.
രാവിലെ 6 മുതൽ 8 വരെയും 11 മുതൽ രാത്രി 8 വരെയുമാണ് പ്രവർത്തനസമയം. പ്രതിമാസ, വാർഷിക ടിക്കറ്റുകൾക്ക് പുറമെ പ്രതിദിന ടിക്കറ്റുകളും പ്രത്യേക പാക്കേജുകളും ലഭിക്കും.
വാർത്താസമ്മേളനത്തിൽ വീഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ബി. ജയരാജ്, വീഗാലാൻഡ് ഡവലപ്പേഴസ് ജനറൽ മാനേജർ ബിജോയ്, ചിറ്റിലപ്പിള്ളി സ്‌ക്വയർ അസിസ്റ്റന്റ് ജനറൽ മാനേജർ മനോജ് എന്നിവരും പങ്കെടുത്തു.
..............................................
ആനന്ദവും ആരോഗ്യവും ആഘോഷവുമാണ് സ്‌ക്വയറിന്റെ മുഖമുദ്ര.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |