ആലുവ: ക്രിമിനലുകൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ കുത്തേറ്റ മധ്യവയസ്കൻ മരിച്ചു. ആലുവ യു.സി കോളേജിന് സമീപം വലിയപറമ്പിൽ വീട്ടിൽ രാജന്റെ മകൻ ആനക്കാരൻ എന്ന് വിളിക്കുന്ന എസ്. സാജനാണ് (46) കഴുത്തിൽ കുത്തേറ്റതിനെ ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരം സ്വദേശി അഷറഫിനെ (52) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആലുവ ക്ളോക്ക് ടവർ ബിൽഡിംഗിന് സമീപമായിരുന്നു സംഭവം. ഉടൻ കുത്തേറ്റയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി അഷറഫിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. യാതൊരു പ്രകോപനവുമില്ലാതെയാണ് അഷറഫ് ഓടിയെത്തി കത്തിക്ക് കുത്തിയത്. മൂന്ന് വർഷത്തോളമായി ആലുവ മേൽപ്പാലത്തിന് അടിയിൽ കഴിയുന്ന അഷറഫിനെ പല സ്ഥലത്തും ഹെൽപ്പർ ജോലിക്കായി വിടുന്നത് സാജനായിരുന്നു. കൂലി കൃത്യമായി ലഭിക്കാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ച്ച തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നലെയുണ്ടായ കത്തിക്കുത്തെന്ന് പൊലീസ് പറഞ്ഞു.
ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സാജനെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പ്രതിയെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. ആലുവ സ്റ്റേഷനിൽ നിരവധി മോഷണ കേസിലെ പ്രതിയാണ്.
മാർക്കറ്റിന് സമീപവും മേൽപ്പാലത്തിന് അടിയിലും ക്രിമിനലുകളും മദ്യപാനികളും സ്ഥിരം ശല്യക്കാരായി മാറുകയാണെന്ന് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നു. പൊലീസ് പട്രോളിംഗ് നിലച്ചതാണ് ക്രിമിനലുകളുടെ താവളമാകാൻ കാരണമെന്നും കച്ചവടക്കാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |