കോതമംഗലം: നാല്പതുകാരിയായ വീട്ടമ്മയും പതിനേഴ് വയസുള്ള മകനും ഒരേ കോളേജിലെ ബിരുദ വിദ്യാർത്ഥികൾ. കോതമംഗലം എം.എ കോളേജിലെ പൂർണിമയും വൈഷ്ണവുമാണ് ഈ അപൂർവ വിദ്യാർത്ഥികൾ. പൂർണിമ ബി.എ ഇംഗ്ലീഷിലും വൈഷ്ണവ് ബി.കോമിലുമാണ് ചേർന്നിരിക്കുന്നത്. പോത്താനിക്കാട് മാവുടി കൊച്ചുപുരക്കൽ ബിനുവിന്റെ ഭാര്യയാണ് പൂർണിമ. ഇവരുടെ മൂത്ത മകനാണ് വൈഷ്ണവ്.
പ്ലസ്ടുവിന് ശേഷം കോളേജിൽ പോകണമെന്ന ആഗ്രഹം പൂർണിമയ്ക്ക് ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. അതിനിടെ വിവാഹിതയായി. രണ്ട് മക്കളുടെ അമ്മയുമായി. ബിനു കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറാണ്. ഇളയ മകൻ വൈഭവ് ദേവ് ആറാം ക്ലാസ് വിദ്യാർത്ഥിയും. ഭർത്താവ് ജോലിക്കും മക്കൾ പഠിക്കാനും പോകുമ്പോഴുള്ള വിരസതയിലാണ് കോളേജ് പഠനമെന്ന ആഗ്രഹം വീണ്ടും മൊട്ടിട്ടത്. ഭർത്താവിന്റെയും മക്കളുടെയും പിന്തുണ കിട്ടിയതോടെ ആ ആഗ്രഹം യാഥാർത്ഥ്യമായി.
ഫുട്‌ബോൾ താരമായ വൈഷ്ണവ് സ്‌പോർട്‌സ് ക്വാട്ടയിലാണ് അഡ്മിഷനെടുത്തത്. അമ്മയും മകനും ഇപ്പോൾ കോളേജിലെ താരങ്ങളാണ്. ആഗ്രഹങ്ങൾ സാധിച്ചുതരാൻ ഒപ്പം നിൽക്കുന്ന ഭർത്താവും മക്കളും ഏതൊരു സ്ത്രീയുടെയും ഭാഗ്യമാണെന്ന് പൂർണിമ പറയുന്നു. ഭർത്താവിനെയും ഇളയമകനെയും യാത്രയാക്കിയ ശേഷമാണ് മകൻ വൈഷ്ണവിനൊപ്പം പൂർണിമ കോളേജിലേക്ക് പോകുന്നത്. രണ്ടാഴ്ച പിന്നിട്ട കോളേജ് ജീവിതം ഏറെ ആസ്വദിക്കുകയാണെന്ന് പൂർണിമ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |