കൊച്ചി: വിവാദങ്ങളിലും ഭൂമിതരംമാറ്റ പ്രശ്‌നങ്ങളിലും നട്ടംതിരിഞ്ഞ എറണാകുളം ജില്ലയെ മികവിലേക്ക് നയിച്ചാണ് കളക്ടർ എൻ.എസ്.കെ. ഉമേഷും ഫോർട്ട്കൊച്ചി സബ് കളക്ടർ കെ. മീരയും മടങ്ങുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന റവന്യൂ പുരസ്‌കാരത്തിൽ മികച്ച കളക്ടറായി ഉമേഷിനെയും സബ് കളക്ടറായി മീരയെയും തിരഞ്ഞെടുത്തിരുന്നു. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, ആർ.ഡി.ഒ ഓഫീസ്, മികച്ച ഓഫീസ് തുടങ്ങിയ പുരസ്‌കാരങ്ങളെല്ലാം ജില്ലയിലേക്കെത്തി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ പദവിയിലേക്കാണ് ഉമേഷിന്റെ മാറ്റം. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എം.ഡിയുടെ അധിക ചുമതലയുമുണ്ടാകും. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് വകുപ്പിന്റെ ഡയറക്ടറായാണ് കെ. മീരയുടെ മാറ്റം. രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറലിന്റെ അധിക ചുമതലയുമുണ്ട്.
2023 മാർച്ച് 9നാണ് കളക്ടറായി ഉമേഷെത്തിയത്. കെ. രേണുരാജിന്റെ സ്ഥാനചലനത്തിലേക്ക് നയിച്ച ബ്രഹ്മപുരം പ്രശ്‌നം ഉമേഷ് അതിവേഗം പരിഹരിച്ചു. കുസാറ്റ് ദുരന്തവും കളമശേരി സ്‌ഫോടന സമയത്തുമെല്ലാം കളക്ടർ സമയോചിതമായി ഇടപെട്ടു. മധുര സ്വദേശിയാണ്. 2015ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഉമേഷ് പാലക്കാട് അസിസ്റ്റന്റ് കളക്ടർ, വയനാട് സബ്കളക്ടർ, ശബരിമല സ്പെഷ്യൽ ഓഫീസർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ തസ്തികകളിലും സേവനമനുഷ്ഠിച്ചു. ഇടുക്കി കളക്ടറായിരുന്ന വി. വിഘ്നേശ്വരിയാണ് ഭാര്യ.
കളക്ടറുടെ നേട്ടങ്ങൾ
പട്ടയവിതരണം, റവന്യൂറിക്കവറി, സ്ഥലമേറ്റെടുപ്പ് എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു.
റവന്യൂ കുടിശിക പിരിച്ചെടുത്തത് 150 കോടിക്കടുത്ത്.
3,500ലേറെ പട്ടയങ്ങൾ വിതരണം ചെയ്തു.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം, റെയിൽവേ പാത ഇരട്ടിപ്പിക്കൽ, വടുതലയിലെ റെയിൽവേ മേൽപ്പാലം തുടങ്ങിയ പദ്ധതികൾക്ക് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി.
പ്രവർത്തന മികവിൽ കെ. മീര
ഫോർട്ട് കൊച്ചി സബ് കളക്ടറേറ്റിന് പുരസ്‌കാരനേട്ടം സമ്മാനിച്ചത് കെ. മീരയുടെ മികവാണ്. അതിവേഗ ഫയൽനീക്കമാണ് മുഖമുദ്ര. ഭൂമി തരംമാറ്റത്തിന് 25ലേറെ ജീവനക്കാരെ നിയോഗിച്ചു. റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അദാലത്തിൽ 5,000ലേറെ തരംമാറ്റ അപേക്ഷകൾ തീർപ്പാക്കി. തൃശൂർ സ്വദേശിനിയും 2021 ബാച്ച് കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയുമായ 30കാരി മലപ്പുറം അസിസ്റ്റന്റ് കളക്ടറായാണ് സർവീസാരംഭിച്ചത്. കൂർഗ് സബ്കളക്ടറായ വിനായകാണ് ഭർത്താവ്.
ജി. പ്രിയങ്ക പുതിയ കളക്ടർ
ജില്ലയുടെ പുതിയ കളക്ടറായി പാലക്കാട് കളക്ടറായിരുന്ന 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥ ജി. പ്രിയങ്ക ചുമതലയേൽക്കും. സാമൂഹ്യ നീതി- വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, കോഴിക്കോട് സബ് കളക്ടർ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |