കൊച്ചി: കേരളത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 4,31,440 പശുക്കളും (33 ശതമാനം) 5,60,134 ആടുകളും (42 ശതമാനം) കുറഞ്ഞുവെന്ന് റിപ്പോർട്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ പുതിയ സെൻസസാണ് സംസ്ഥാനത്തെ തൊഴുത്തുകൾ കാലിയാകുന്ന യഥാർത്ഥ്യം തുറന്നുകാട്ടുന്നത്. 2019ൽ കേരളത്തിൽ 13,41,996 പശുക്കളും 13,59,161 ആടുകളും ഉണ്ടായിരുന്നു.
ഭീമമായ നഷ്ടമാണ് ക്ഷീരകർഷകരെ ഈ മേഖല വിടാൻ പ്രേരിപ്പിച്ചത്. ഇടുക്കിയിലാണ് പശുക്കൾ ഏറ്റവുമധികം കുറഞ്ഞത്. 40,951 എണ്ണം. 2019ൽ 97,395 പശുക്കൾ ഇവിടെ ഉണ്ടായിരുന്നു. ഈ പട്ടികയിൽ കൊല്ലമാണ് രണ്ടാമത്. ആറുവർഷം മുമ്പ് 1,10,542 പശുക്കൾ ഉണ്ടായിരുന്ന കൊല്ലത്ത് ഇപ്പോൾ 71,568 പശുക്കളെയുള്ളൂ. തൃശൂരാണ് മൂന്നാമത് - കുറഞ്ഞത് 38,247 പശുക്കൾ. 1,11,932 എണ്ണം ഉണ്ടായിരുന്നു. 21,314 പശുക്കൾ കുറഞ്ഞ വയനാടാണ് ഈ പട്ടികയിൽ ഏറ്രവും താഴെ.
ആടുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത് തിരുവനന്തപുരത്താണ്, 67,786 എണ്ണം. 2019ലെ സെൻസസിൽ 1,56,882 ആടുകൾ ഉണ്ടായിരുന്നു. മലപ്പുറവും തൃശൂരുമാണ് ഈ പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മലപ്പുറത്ത് 66,044 ആടുകളും തൃശൂരിൽ 61,348 ആടുകളും കുറഞ്ഞു. കാസർകോടാണ് ഇതിൽ ഭേദം. 37,427 ആടുകൾ ഉണ്ടായിരുന്ന ജില്ലയിൽ കുറഞ്ഞത് 12,552 എണ്ണം മാത്രം.
പശുക്കൾ ഏറ്റവുമധികം കുറഞ്ഞത് ഇടുക്കിയിൽ
40,951 എണ്ണം
ആടുകൾ ഏറ്റവുമധികം കുറഞ്ഞത് തിരുവനന്തപുരത്ത്
67,786 എണ്ണം
പാലക്കാട് മുന്നിൽ
സംസ്ഥാനത്ത് ഏറ്റവുമധികം പശുക്കളും ആടുകളുമുള്ളത് പാലക്കാടാണ്. പശുക്കൾ 1,34,925, ആടുകൾ 1,18,178.
2019ലും പാലക്കാടായിരുന്നു മുന്നിൽ.
കൊവിഡുകാലത്ത് കയറ്റം
കൊവിഡ് വ്യാപനത്തിന് പിന്നാലെ ആടുകളുടെയും പശുക്കളുടെയും എണ്ണം കേരളത്തിൽ കുത്തനെ കൂടിയിരുന്നു. ക്ഷീരമേഖലയിലേക്ക് ആളുകൾ ചുവടുമാറിയതായിരുന്നു കാരണം. ഭീതിയൊഴിയുകയും മറ്റ് മേഖലകൾ സജീവമാകുകയും ചെയ്തതോടെ ആളുകൾ ക്ഷീരമേഖലയെ കൈവിട്ടു.
ചെലവിന് അനുസരിച്ച് ലാഭം ഈ രംഗത്ത് നിന്ന് ലഭിക്കുന്നില്ല. ക്ഷീരകർഷകർ മറ്റു മാർഗങ്ങൾ തേടുകയാണ്. ഇതാണ് പശുക്കളുടെയും ആടുകളുടെയും എണ്ണക്കുറവിന് കാരണം.
- സി.കെ. സ്റ്റീഫൻ
ഡയറി ഫാർമേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |