കൊച്ചി: ഇന്ത്യയിൽ സ്രാവ് പിടിത്തവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) പഠന സമിതി രൂപീകരിക്കും. ശാസ്ത്രീയ പരിഹാരം കണ്ടെത്താനാണ് ശ്രമമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. സ്രാവ്-തിരണ്ടി സംരക്ഷണവും മത്സ്യത്തൊഴിലാളി ഉപജീവനമാർഗവും എന്ന വിഷയത്തിൽ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികൾ, എൻഫോഴ്‌സ്‌മെന്റ്-ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, സി.എം.എഫ്.ആർ.ഐ ശാസ്ത്രജ്ഞർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ, വന്യജീവി സംരക്ഷണ നിയമത്തിൽ പട്ടിക നാലിൽ ഉൾപ്പെട്ട സ്രാവിനെ പിടിച്ചത് മത്സ്യത്തൊഴിലാളികളിലും ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇവയുടെ കയറ്റുമതിക്ക് കർശന നിയന്ത്രണമുണ്ടെങ്കിലും പിടിക്കാനോ ആഭ്യന്തര വ്യാപാരത്തിനോ നിയന്ത്രണമില്ല.
ഫിൻഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ. ശോഭ ജോ കിഴക്കൂടൻ, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. അനിൽ രാജ്, ലോംഗ് ലൈൻ ആൻഡ് ഗിൽനെറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ്, സെക്രട്ടറി എം. മജീദ് എന്നിവർ സംസാരിച്ചു.
മത്സ്യത്തൊഴിലാളികൾക്കായി...
വന്യജീവി സംരക്ഷണ നിയമ പ്രകാരം സ്രാവ്, തിരണ്ടി എന്നിവയെ പിടിക്കാനും വില്പന നടത്താനും നിയന്ത്രണമുണ്ട്. ഇവ അപ്രതീക്ഷിതമായി വലയിൽ കുടുങ്ങുന്നതടക്കമുള്ള മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പഠന സമിതി. ശില്പശാലയിൽ പ്രത്യേക നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |