പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽകുന്ന നവരാത്രി ആഘോഷം ഇന്ന് തുടങ്ങും. എല്ലാദിവസവും അഷ്ടാഭിഷേകം, ചിറപ്പ്, കളഭാഭിഷേകം എന്നിവയുണ്ടാകും. ആഘോഷദിനങ്ങളിൽ സരസ്വതീപൂജ, ശ്രീവിദ്യാമന്ത്രാർച്ചന, ഭഗവതിസേവ എന്നിവയാണ് പ്രധാന വഴിപാടുകൾ. ദിവസവും അത്താഴപൂജയ്ക്ക് ശേഷം വിശേഷാൽ കഷായം വിതരണമുണ്ടാകും. വൈകിട്ട് സരസ്വതീ മണ്ഡപത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ സംഗീതക്കച്ചേരി, ഭജൻസന്ധ്യ വാദ്യസംഗീത പരിപാടികൾ, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, തിരുവാതിരകളി തുടങ്ങിയവ അവതരിപ്പിക്കും. കുരുന്നുകൾ അരങ്ങേറ്റം നടത്തും.
ഇന്ന് വൈകിട്ട് ഏഴിന് നവരാത്രി മഹോത്സവം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ദുർഗാഷ്ടമിദിനമായ 29ന് വൈകിട്ടാണ് പൂജവയ്പ്. ശ്രീകോവിലിനകത്തും നാലമ്പലത്തിലും പ്രത്യേകം തയാറാക്കിയ പീഠത്തിലും പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിജയദശമി ദിനമായ ഒക്ടോബർ 2ന് പുലർച്ചെ പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും. പ്രമുഖ ഗുരുക്കന്മാരുടെ കീഴിൽ ആയിരക്കണക്കിന് കുരുന്നുകൾ ഹരിശ്രീ കുറിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയുമാണ് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |