കൊച്ചി: കളമശേരി, കൊച്ചി നിയമസഭാ മണ്ഡലങ്ങൾ കോൺഗ്രസും മുസ്ളീം ലീഗും വച്ചുമാറണമെന്ന നിർദ്ദേശം തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ച് ചർച്ച ചെയ്യും. കളമശേരി വിട്ടുകൊടുത്ത് കൊച്ചി സ്വീകരിക്കണമെന്ന ആശയം മുസ്ളീം ലീഗിൽ ഉയർന്നെങ്കിലും നേതൃത്വത്തിന് താത്പര്യമില്ല. ചർച്ചകൾ നടന്നിട്ടില്ലെന്നും അഭ്യൂഹങ്ങൾ മാത്രമാണെന്നും കോൺഗ്രസ് പറഞ്ഞു.
മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശേരിയിൽ 2021ൽ മുസ്ളീം ലീഗ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഖാദർ പരാജയപ്പെട്ടിരുന്നു. സി.പി.എമ്മിലെ പി. രാജീവാണ് വിജയിച്ചത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിക്കേസ് തിരിച്ചടിയായത് പരാജയത്തിലെ കാരണങ്ങളിലൊന്നാണ്. വ്യവസായമന്ത്രിയായി മാറിയ പി. രാജീവ് വീണ്ടും മത്സരിക്കും. രാജീവിനെ എതിരിട്ട് വിജയിക്കാൻ കഴിയുമോയെന്ന ആശങ്കയാണ് മണ്ഡലം വച്ചുമാറാമെന്ന മുസ്ളീം ലീഗിൽ ചർച്ചയ്‌ക്ക് തുടക്കമായത്. കോൺഗ്രസ് നേതാക്കൾ വലിയ താല്പര്യം കാട്ടാത്തതിനാൽ ഔദ്യോഗികതലത്തിൽ ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല.
പഴയ കൊച്ചിയല്ല
മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലങ്ങൾ പുനർനിർണയിച്ച് രൂപീകരിച്ചതാണ് കൊച്ചി മണ്ഡലം. പഴയ മട്ടാഞ്ചേരിയിൽ മുസ്ളീം ലീഗാണ് മത്സരിച്ചിരുന്നത്. വി.കെ. ഇബ്രാഹിം കുഞ്ഞ് ആദ്യമായി ജയിച്ചത് മട്ടാഞ്ചേരിയിൽ നിന്നാണ്. പിന്നീടാണ് കളമശേരി രൂപീകരിച്ചപ്പോൾ അവിടേയ്‌ക്ക് മാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലം വച്ചു മാറലെന്ന നിർദ്ദേശം അനൗദ്യോഗികമായി ഉയർന്നത്.
കൊച്ചി മണ്ഡലത്തിന്റെ സാമുദായികമായ മാറ്റവും ലീഗിന് തൃപ്തികരമല്ല. മട്ടാഞ്ചേരി മണ്ഡലം മുസ്ളീം സമുദായത്തിന് മുൻതൂക്കം നൽകുന്നതായിരുന്നു. കൊച്ചിയായി മാറിയതോടെ ലത്തീൻ സമുദായത്തിനും സ്വാധീനമുള്ളതായി മാറി. ലത്തീൻ സമുദായാംഗമായ കെ.ജെ. മാക്‌സിയെ സ്ഥാനാർത്ഥിയാക്കി എൽ.ഡി.എഫ് കഴിഞ്ഞ തവണ വിജയിക്കുകയും ചെയ്‌തു. സമുദായികമായുണ്ടായ മാറ്റം അനുകൂലല്ലെന്നാണ് പ്രാദേശിക ലീഗ് നേതാക്കളുടെ വിലയിരുത്തൽ.
ലത്തീൻ പരിഗണന പ്രധാനം
കൊച്ചിയിൽ ലത്തീൻ സമുദായാംഗത്തെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ തൃക്കാക്കരയിൽ നൽകേണ്ടിവരും. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസിന് വീണ്ടും സീറ്റ് നൽകേണ്ടതിനാൽ ലത്തീൻ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയില്ല എന്നതിനാൽ കോൺഗ്രസിനും താത്പര്യമില്ലെന്നാണ് സൂചനകൾ. കളമശേരി ഏറ്റെടുത്താലും വിജയം ഉറപ്പിക്കാനാകുമോയെന്ന ആശങ്കയും കോൺഗ്രസ് നേതാക്കൾക്കുണ്ട്.
തദ്ദേശം കഴിയട്ടെ
മണ്ഡലങ്ങൾ വച്ചുമാറുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ലീഗ് വൃത്തങ്ങൾ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് രണ്ട് മണ്ഡലങ്ങളിലും ലഭിക്കുന്ന വോട്ടുകൾ വിലയിരുത്തി വിജയ,പരാജയ സാദ്ധ്യതകൾ പരിഗണിച്ച് കോൺഗ്രസിന് താത്പര്യമെങ്കിൽ ചർച്ച നടത്താമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
നിഷേധിച്ച് കോൺഗ്രസ്
മണ്ഡലങ്ങൾ വച്ചുമാറുന്നത് സംബന്ധിച്ച് ആലോചന പോലുമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അത്തരം ചർച്ചകളോ ആലോചനകളോ രണ്ടു പാർട്ടികൾ തമ്മിലോ കോൺഗ്രസിലോ ആലോചനകൾ നടന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമാണ് ഇപ്പോൾ യു.ഡി.എഫിന്റെ ശ്രദ്ധയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |