കൊച്ചി: ജൂതപുതുവർഷാരംഭമായ 'റോഷ് ഹഷാന" പ്രാർത്ഥനകളുടെ പുണ്യത്തിൽ എറണാകുളം കടവുംഭാഗം സിനഗോഗ്. പ്രാർത്ഥനയിൽ പങ്കുചേരാൻ ബംഗളൂരുവിൽ നിന്ന് പ്രിയയും രാജും എത്തിയതിന്റെ സന്തോഷത്തിലാണ് നഗരത്തിൽ അവശേഷിക്കുന്ന ഏതാനും ജൂതന്മാരിൽ ഒരാളായ ബാബുവെന്ന ഏലിയാസ് ജോസഫായി. മൂവരും ചേർന്ന് തിങ്കളാഴ്ച സന്ധ്യയ്‌ക്ക് സിനഗോഗിനുള്ളിലെ ചിത്രവിളക്കുകളിൽ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ചു. ഒന്നര മണിക്കൂറോളം ഹീബ്രു ഭാഷയിലെ പ്രാർത്ഥനകളിൽ മുഴുകി. ഇവിടെ പതിറ്റാണ്ടുകൾക്ക് ശേഷം വല്ലപ്പോഴും സംഭവിക്കുന്ന ആരാധന. ജൂതപള്ളികൾക്കുള്ളിൽ വൈദ്യുത വിളക്കുകൾ ഉപയോഗിക്കുന്നത് കുറവാണ്.
ഇന്ത്യയിലെ ജൂതചരിത്രത്തിന്റെ ഭാഗമാണ് മാർക്കറ്റിനുള്ളിൽ ജ്യൂസ് സ്ട്രീറ്റിലെ ഈ ദേവാലയം. വാഗ്ദത്തഭൂമിയിലേക്ക് മലയാളി ജൂതർ കുടിയേറിയപ്പോൾ അംഗങ്ങളുടെ കുറവുമൂലം പ്രാർത്ഥനകൾ മുടങ്ങി. അപൂർവമായി മാത്രമേ പ്രാർത്ഥനകൾ ഉണ്ടാകാറുള്ളൂ. നഗരമദ്ധ്യത്തിലെ ഈ ജൂതപ്പള്ളിയുടെ സംരക്ഷകനും കൂടിയാണ് ഏലിയാസ് ജോസഫായി. അടുത്തിടെയാണ് പള്ളി വലിയ രീതിയിൽ പുനരുദ്ധരിച്ചത്. ലോകമെമ്പാടും നിന്ന് ജൂതരും അന്യമതസ്ഥരും സഹായിച്ചെങ്കിലും ഏലിയാസിന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം വേണ്ടിവന്നു പഴയ ഭംഗി വീണ്ടെടുക്കാൻ. ചെന്നൈയിലുള്ള ഹൈന്ദവസുഹൃത്താണ് പ്രധാന പ്രാർത്ഥനാ വേദിയിൽ മാറ്റിയിട്ട കാരക്കുടി ടൈലുകൾ സ്പോൺസർ ചെയ്തത്. ചുമരുകൾ പെയിന്റ് ചെയ്ത്, ഫർണിച്ചറുകൾ മിനുക്കി, വിളക്കുകളെല്ലാം തുടച്ചുമിനുക്കിയ പള്ളിയുടെ അകത്തളം ഇപ്പോൾ കണ്ടാൽ പുത്തൻ പോലെ.
റോഷ് ഹഷാന
റോഷ് ഹഷാനയെന്ന ജൂതപുതുവർഷാരംഭം രണ്ട് ദിവസം നീളും. ഇന്ന് ആറുമണിക്ക് തീരുന്ന ദിനാഘോഷത്തിന്റെ ഭാഗമായി പത്ത് ദിവസത്തെ വ്രതവും പ്രാർത്ഥനയും യോം കിപ്പുർ എന്ന പശ്ചാത്താപദിനത്തോടെ സമാപിക്കും. ബംഗളൂരുവിൽ നിന്നെത്തിയവർ മടങ്ങുമെങ്കിലും ഏലിയാസ് ഏകനായി പത്തു ദിവസവും യോം കിപ്പുറിനുളള ഒരുക്കങ്ങൾ തുടരും. രാജ്യത്തും പുറത്തുമുളള ചില ജൂതരും ജൂതസഞ്ചാരികളും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് 60 പിന്നിട്ട ഏലിയാസ് ജോസഫായി. മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ പരദേശി സിനഗോഗിന്റെ ഗാംഭീര്യത്തിനോട് കിടപിടിക്കുന്നതാണ് കടവുംഭാഗം സിനഗോഗിന്റെ ഇപ്പോഴത്തെ ചന്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |