ആലുവ: ശ്രീനാരായണ ഗുരുദേവൻ വിലകൊടുത്ത് വാങ്ങിയതും ദാനം ലഭിച്ചതുമായ ഭൂമി കൈയടക്കാൻ ആരെയും അനുവദിക്കില്ലെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു. കള്ള പരാതിയിലൂടെയും വ്യാജക്കഥകൾ പ്രചരിപ്പിച്ചും അദ്വൈതാശ്രമ ഭൂമി കൈവശപ്പെടുത്താൻ ശ്രമിച്ചാൽ സന്യാസി സമൂഹവും സമാജവും ഒറ്റക്കെട്ടായി നിന്ന് ചെറുക്കുമെന്നും സ്വാമി പറഞ്ഞു.
നഗരസഭ കൈവശപ്പെടുത്താൻ ശ്രമിച്ച ആലുവ അദ്വൈതാശ്രമ ഭൂമിയും പരിസരവും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി. രാജ്യത്ത് ഹൈന്ദവ ആചാര്യന്മാരുടെ സ്വത്തുക്കൾ പലവിധത്തിൽ കൈയടക്കാൻ ശ്രമം നടക്കുന്നുണ്ട്. മറ്റ് മതങ്ങളിലെ ആചാര്യന്മാരെ അപേക്ഷിച്ച് ഹൈന്ദവരായ ആചാര്യന്മാർ വിശാല മനസ്കരാണ്. ഇത് ചിലർ മുതലെടുക്കുകയാണ്. ഇനി അത് അനുവദിക്കില്ല.
അദ്വൈതാശ്രമത്തിന് സമീപം നഗരസഭ നിർമ്മിച്ച് വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന മലിനജല സംസ്കരണ പ്ളാന്റ് അസാന്മാർഗിക പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കിയിട്ടും നടപടി സ്വീകരിക്കാൻ നഗരസഭയ്ക്കായില്ല. അവരാണിപ്പോൾ ഭൂമി കൈയേറാൻ ശ്രമിക്കുന്നതെന്നും സ്വാമി കുറ്റപ്പെടുത്തി.
അദ്വൈതാശ്രമത്തിലെത്തിയ സ്വാമി ആനന്ദവനം ഭാരതി മഹാരാജിനെ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം കെ.പി. സുരേഷ്, ജില്ലാ പ്രസിഡന്റ് പി.സി. ബാബു, താലൂക്ക് വൈസ് പ്രസിഡന്റ് ഷൈൻ, സെക്രട്ടറി വി. ബേബി, സിറോഷ് കുമാർ, ആർ. പത്മകുമാർ, എം.ജി. ബാബു എന്നിവരും സ്വാമിക്കൊപ്പം ഉണ്ടായിരുന്നു.
മുഖ്യമന്ത്രിക്ക് പരാതി നൽകും
അദ്വൈതാശ്രമത്തെയും ആശ്രമം അന്തേവാസികളെയും പൊതുസമൂഹത്തിന് മുമ്പിൽ അവഹേളിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമായി ആലുവ നഗരസഭ വ്യാജ പരാതികൾ നൽകുകയും പ്രചരിപ്പിക്കുകയുമാണെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു.
നഗരസഭ ചെയർമാന്റെ പ്രേരണക്കും നിർബന്ധത്തിനും വഴങ്ങി സെക്രട്ടറി പൊലീസിൽ കള്ളപ്പരാതി നൽകുകയാണ്. ബുധനാഴ്ച പകൽ ആശ്രമത്തിന് സമീപത്തെ മലിനജല ശുദ്ധീകരണശാലയിലേക്ക് പോയ ഇറിഗേഷൻ ഡ്രഡ്ജർ വിഭാഗത്തിലെ രണ്ട് പേരെ അദ്വൈതാശ്രമത്തിലെ ചിലർ തടയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിൽ കള്ളപ്പരാതി നൽകിയിരിക്കുന്നത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാം.
നഗരസഭയുടെ കൈയേറ്റ വിഷയം കോടതിയിൽ ചോദ്യം ചെയ്യുമ്പോൾ കേസിന് ബലം കിട്ടാൻ കള്ളക്കഥ മെനയുകയാണ്. നഗരസഭയുടെ കള്ളപ്പരാതിക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും സ്വാമി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |