കൊച്ചി: എറണാകുളം-ആലപ്പുഴ തീരദേശ റെയിൽപ്പാതയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് വ്യാപകം. ബുധനാഴ്ച വൈകിട്ട് നെട്ടൂരിന് സമീപം എറണാകുളം - കായംകുളം പാസഞ്ചർ ട്രെയിനിന് നേരെ കല്ലേറുണ്ടായി. ഇതേ ട്രെയിനിന് നേരെ ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ കല്ലേറാണിത്. കഴിഞ്ഞമാസം അരൂരിന് സമീപം ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ ആർ.പി.എഫ് അറസ്റ്റ് ചെയ്തിരുന്നു.
ബുധൻ വൈകിട്ട് 6.25ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നെട്ടൂർ പാലം സമീപിക്കുമ്പോഴാണ് കല്ലേറുണ്ടായത്. വലിയ കല്ല് കോച്ചിന്റെ ജനാലയിൽ തട്ടി തെറിച്ച് യാത്രക്കാരന് നിസാര പരുക്കേറ്റു.
രണ്ട് ദിവസം മുമ്പ് എറണാകുളം-കായംകുളം പാസഞ്ചർ നെട്ടൂർ സ്റ്റേഷൻ പിന്നിട്ടപ്പോൾ ഉണ്ടായ കല്ലേറിൽ യാത്രക്കാരന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. യാത്രക്കാരനെ റെയിൽവേ പൊലീസ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും പരാതി നൽകാൻ തയ്യാറായില്ല.
ഇന്നലെ രാവിലെ മുതൽ ആർ.പി.എഫും റെയിൽവേ പൊലീസും നെട്ടൂർ ഭാഗത്ത് ഇരട്ടപ്പാതയ്ക്ക് സമീപം അന്വേഷണം നടത്തി. വൈകിട്ട് പുറപ്പെട്ട പാസഞ്ചർ ട്രെയിനിൽ ജി.ആർ.പി, ആർ.പി.എഫ് സംയുക്ത സംഘം നിരീക്ഷണത്തിന് ഉണ്ടായിരുന്നു. എറണാകുളത്തിനും നെട്ടൂരുമിനിടെ ട്രാക്കിനിരുവശവും ചതുപ്പ് നിലങ്ങളും കണ്ടൽക്കാടുകളും കേന്ദ്രീകരിച്ച് മദ്യപ, ലഹരി സംഘങ്ങൾ തമ്പടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. കല്ലേറിന് പിന്നിൽ മദ്യപസംഘങ്ങളാണെന്ന് സംശയിക്കുന്നു. അഞ്ചുകൊല്ലം മുമ്പ് നെട്ടൂർ സ്റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിച്ച ശേഷം സ്റ്റേഷൻ കെട്ടിടം കാടുമൂടി കിടക്കുകയാണ്.
അരൂരിൽ എക്സിക്യുട്ടീവ് എക്സ്‌പ്രസിന് നേരെയുണ്ടായ കല്ലേറിൽ എൻജിന്റെ ഗ്ലാസാണ് തകർന്നത്. ലോക്കോ പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. മുൻകുറ്റവാളിയുൾപ്പെടെ രണ്ട് പേരാണ് കേസിൽ പിടിയിലായത്.
ജീവപര്യന്തം വരെ തടവ് കിട്ടാവുന്ന കുറ്റം
റെയിൽവേസ് ആക്റ്റ് പ്രകാരം ട്രെയിനിന് നേരെ കല്ലെറിയുന്നത് ജീവപര്യന്തം തടവിനും അതല്ലെങ്കിൽ 10 കൊല്ലം വരെ തടവിനും ശിക്ഷിക്കാവുന്ന കുറ്റമാണ് ( വകുപ്പ് 152)
റെയിൽവേ വസ്തുവകകൾക്കും യന്ത്രസാമഗ്രികൾക്കും നേരേ കല്ലേറ് നടത്തുന്നത് 10 കൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് (വകുപ്പ് 150).
150 വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ആദ്യതവണയാണ് പ്രതി കൃത്യം ചെയ്യുന്നതെങ്കിൽ കുറഞ്ഞത് 3 കൊല്ലം തടവിനും ഇതേ കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് 7 കൊല്ലം തടവിനും ശിക്ഷാർഹനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |