മട്ടാഞ്ചേരി: ഭാരതത്തിന്റെ പരിച്ഛേദമെന്ന് വിളിക്കാവുന്ന നാനാ ജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന മട്ടാഞ്ചേരി നവരാത്രി ആഘോഷത്തിന്റെ തിരക്കിൽ. പശ്ചിമകൊച്ചിയിൽ ഭാരതീയ സംസ്കൃതിയുടെ നാനത്വത്തിലെ ഏകത്വസന്ദേശമാണ് നവരാത്രിയാഘോഷം വിളിച്ചോതുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിൽ ഇടകലർന്ന് വസിക്കുന്ന 18 ഓളം ഹൈന്ദവസമൂഹങ്ങളുടെ ദേശീയോദ്ഗ്രഥനത്തിന്റെ നേർക്കാഴ്ചയാണിത്. ആഘോഷ വൈവിദ്ധ്യതയും ചടങ്ങുകളും സംഗീത നൃത്ത നടനങ്ങളും സ്ത്രീശക്തി കൂട്ടായ്മയും പാരമ്പര്യ തനിമയും ഒത്തിണങ്ങിയ നവരാത്രി ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ബൊമ്മക്കൊലു ഒരുക്കൽ മുതൽ ദാണ്ഡിയ നൃത്ത രാവുകൾ, കുമാരിപൂജ, സുമംഗലി പൂജ, വെങ്കടേശ്വര പൂജ, സംഗീത,നൃത്ത താളലയ കലോപാസനകൾ തുടങ്ങി ഭക്തിസാന്ദ്രമാണ് നവരാത്രിയാഘോഷങ്ങൾ. ഓരോ സമൂഹവും അവരുടേതായ പ്രത്യേക ആചാരങ്ങളോടെയാണ് നവരാത്രിയെ വരവേൽക്കുന്നത്
വൈവിദ്ധ്യമാർന്ന ആചാരങ്ങൾ
മലയാളി സമൂഹം: പഠനോപകരണങ്ങളുടെ പുസ്തക പൂജയും ആയുധ പൂജയും താളിയോല ഗ്രന്ഥ പൂജയുമുണ്ട്. പൂജവെപ്പിന് ശേഷം വിജ്ഞാന ദേവതയായ സരസ്വതി ആരാധനയോടെ വിദ്യാരംഭം കുറിക്കുന്നതും ഈ സമയത്താണ്.
തമിഴ് ജനത: ത്രിശക്തി ദേവതകളെ ഉപാസിച്ച് ജീവജാലങ്ങളെ പ്രതീകമാക്കിയുള്ള ബൊമ്മക്കൊലു ഒരുക്കിയാണ് തമിഴ് ജനത നവരാത്രി ആഘോഷിക്കുന്നത്.
കൊങ്കണ (ഗോവ) ദേശക്കാർ: ബൊമ്മക്കൊലു ഒരുക്കി ബന്ധുക്കളെ ക്ഷണിച്ചുവരുത്തി സുമംഗലി പൂജ (ഹൾദി കുങ്കുമം ചടങ്ങ്) നടത്തുന്നു. ഇത് സാമൂഹിക ആദരവിന്റെ ഭാഗമാണ്.
ആന്ധ്രാ സമൂഹം: ഭവനങ്ങളിൽ ലക്ഷ്മീ ദേവത പൂജയ്‌ക്കൊപ്പം തിരുമല വെങ്കടാചലപതിയെയും ആരാധിക്കുന്നു.
കർണ്ണാടക സമൂഹം: കർണ്ണാടക ഭവനങ്ങളിൽ ചണ്ഡികാ ദേവീ ആരാധനയാണ് പ്രധാനം. ശേർവാടി മഹാജനവാടി ക്ഷേത്രങ്ങളിലെ ദേവീ ദർശനവും ആഘോഷങ്ങളിലുണ്ട്.
ഗുജറാത്തി സമൂഹം: ശ്രീകൃഷ്ണ രാധാ ലീലകളെയും ശക്തി ദേവതകളെയും സ്മരിച്ചുള്ള ഗാനങ്ങൾ ആലപിച്ച് ചുവടുവെക്കുന്ന ദാണ്ഡിയഗർഭ നൃത്തങ്ങൾ നവരാത്രി രാവുകൾക്ക് ലഹരി പകരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |