രാജിപരമ്പര തുടരുമെന്ന് സൂചന
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവ നടത്തിപ്പിലെ ഭിന്നതകളെ തുടർന്ന് ക്ഷേത്ര ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങൾ കൂടി ഇന്നലെ രാജി സമർപ്പിച്ചു. 19 അംഗസമിതിയിൽ ഇതോടെ രാജിവച്ചവരുടെ എണ്ണം പത്തായി. ഭൂരിപക്ഷം പേരും പിന്മാറിയതിനാൽ കൊച്ചിൻ ദേവസ്വം ബോർഡ് ഉത്സവം നേരിട്ട് നടത്താനുള്ള സാദ്ധ്യതയേറി. ഇടതുപക്ഷം ഭരിക്കുന്ന ദേവസ്വം ബോർഡും ഇടത് അനുഭാവികൾക്ക് മുൻതൂക്കമുള്ള ഉപദേശക സമിതിയും തമ്മിലാണ് അഭിപ്രായഭിന്നതകൾ.
രണ്ടു കോടിയോളം രൂപ ചെലവു വരുന്ന ഉത്സവത്തിന് ആവശ്യമായ തുക പിരിച്ചെടുക്കാനായില്ലെങ്കിൽ ഉപദേശക സമിതി അംഗങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യത വരുമെന്ന ഭയമാണ് കൂടുതൽ പേരുടെയും രാജിക്ക് പിന്നിൽ. രാജിവച്ചവരെല്ലാം ഇടത് അനുഭാവികളാണ്. അവശേഷിക്കുന്ന 9 അംഗങ്ങളിൽ അഞ്ചുപേർ ബി.ജെ.പി അനുഭാവികളും പ്രസിഡന്റ് ഉൾപ്പടെ മൂന്ന് ഇടതുപക്ഷക്കാരും ഒരു കോൺഗ്രസ് അനുഭാവിയുമാണ്.
സമിതി അംഗങ്ങളായ കെ.പി. കേശവദാസ്, ടി.പി. കൃഷ്ണകുമാർ, എ.എ. ബാബു എന്നിവരാണ് ഇന്നലെ രാജിവച്ചത്. ജോയിന്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റും മേളക്കമ്മിറ്റി കൺവീനറും നേരത്തെ രാജിവച്ചവരിൽ ഉൾപ്പെടുന്നു.
ചെണ്ടമേളം കരാർ തർക്കം
പ്രമുഖ മേളക്കാരന് എട്ടുദിവസത്തെ ചെണ്ടമേളം കരാർ നൽകുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലാണ് തർക്കത്തിലേക്ക് നയിച്ചത്. പ്രശ്നത്തിൽ ക്ഷേത്രത്തിലെ ഇലത്താളം ജീവനക്കാരൻ ശരത്തിനെ വളഞ്ഞമ്പലം ക്ഷേത്രത്തിലേക്ക് ശനിയാഴ്ച സ്ഥലംമാറ്റിയ നടപടി ദേവസ്വം ബോർഡ് മരവിപ്പിച്ചു. ജീവനക്കാരുടെ എതിർപ്പ് ഭയന്നാണ് തീരുമാനം.
ബഹിഷ്കരണം: ഫിനാൻസ്
കമ്മിറ്റി യോഗം വീണ്ടും മുടങ്ങി
വൃശ്ചികോത്സവം നടത്തിപ്പിന്റെ നിർണായകമായ ഫിനാൻസ് കമ്മിറ്റി യോഗം ഇന്നലെയും മുടങ്ങി. 30 അംഗ കമ്മിറ്റിയിൽ ഉപദേശക സമിതി പ്രസിഡന്റ് ടി.ജി.വേണുഗോപാലും നാലുപേരും മാത്രമാണെത്തിയത്. സമിതി സെക്രട്ടറി മുരളീധരനും വിട്ടുനിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |