തൃപ്പൂണിത്തുറ: ഇരുമ്പനം മേഖലയിലെ സീ പോർട്ട് - എയർപോർട്ട് റോഡിന് മനുഷ്യ രക്തത്തിന്റെ മണമാണ്. അപകടങ്ങളിൽ ആർക്കെങ്കിലും ജീവൻ പൊലിയാത്ത ദിവസം തന്നെ അപൂർവം. ഇരുചക്ര വാഹനയാത്രക്കാരും കാൽനടക്കാരുമാകും മിക്കവാറും ഇരകൾ.
ശനിയാഴ്ച കെ.എസ്.ആർ.ടി.സി ബസിന് അടിയിലേക്ക് ഇരുചക്രവാഹനം ഇടിച്ചുകയറി ഗുരുതരമായി പരിക്ക് പരിക്കേറ്റതാണ് അവസാനത്തെ സംഭവം. രണ്ടു ദിവസം സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് 23 വയസുള്ള ഐ.ടി ജീവനക്കാരി മരിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിലേക്ക് ഗ്യാസുമായെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.
സെപ്തംബർ നാലിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരൻ റോഡ് മുറിച്ചുകടക്കവേ ടാങ്കർ ലോറി ഇടിച്ച് മരിച്ചിരുന്നു.
ഐ.ഒ.സിയുടെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെയും ടെർമിനുകളിൽ എത്തുന്ന ടാങ്കർ ലോറികൾ റോഡിന്റെ ഇരുവശത്തും അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. രണ്ടുവരി മാത്രമുള്ള റോഡിൽ, ടെർമിനലുകൾക്ക് സമീപവും റോഡിൽ ടാങ്കറുകളുടെ നീണ്ട നിരയാണ്.
ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനിയുടെ മുന്നിലെ ടാങ്കർ ലോറികളുടെ അനധികൃത പാർക്കിംഗിനെ കുറിച്ച് കേരളകൗമുദി മുമ്പും വാർത്ത നൽകിയിരുന്നു.
ഇടറോഡിൽ നിന്നും കമ്പനിയിൽ നിന്നും പ്രധാന റോഡിലേക്ക് ശ്രദ്ധയില്ലാതെ കയറിവരുന്ന വലിയ വാഹനങ്ങൾ നിരവധി അപകടങ്ങൾ വരുത്തി വയ്‌ക്കുന്നു.
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കൽ അസാദ്ധ്യമെന്നു തന്നെ പറയാം. അപകടങ്ങൾ സ്ഥിരം സംഭവമായതോടെ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും ഇരുചക്ര വാഹനങ്ങൾ ഇരുമ്പനം ജംഗ്ഷനിൽ പാർക്ക് ചെയ്ത് ബസിലാണ് പോകുന്നത്.
കളക്ടറുടെ ഉത്തരവും
നടപ്പായില്ല
എട്ടു വർഷം മുമ്പ് എസ്. സുഹാസ് ജില്ലാ കളക്ടറായിരുന്നപ്പോൾ ടെർമിനുകൾക്ക് മുന്നിലെ പാർക്കിംഗ് അനുവദിക്കില്ലെന്ന് കമ്പനികൾക്ക് നോട്ടീസ് നൽകിയിരുന്നു. കമ്പനികൾക്ക് വിശാലമായ പാർക്കിംഗ് സംവിധാനം ഉണ്ടായിട്ടും കുറച്ചു വാഹനങ്ങൾക്ക് മാത്രമാണ് അവർ അനുമതി നൽകിയത്. റോഡിലെ പാർക്കിംഗ് ഒഴിവാക്കാൻ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചെങ്കിലും ലോറിക്കാർ മനപ്പൂർവ്വം അവ നശിപ്പിച്ചു. പ്രമുഖ ട്രേഡ് യൂണിയനുകൾ വലിയ വാഹനങ്ങൾക്ക് റോഡിൽ പാർക്ക് ചെയ്യുന്നതിന് മൗനാനുവാദം നൽകുകയും ചെയ്തു. ഇരുമ്പനം ഭാഗത്ത് നിയമലംഘനം പൊലീസ് കാണാറുണ്ടെങ്കിലും കണ്ണടയ്‌ക്കുകയാണ് പതിവ്.
ഫയലിൽ ഉറങ്ങി
നാലുവരിപ്പാത
ഭാരത മാതാ കോളേജ് മുതൽ കരിങ്ങാച്ചിറ വരെ നാലുവരിയാക്കാൻ വർഷങ്ങൾക്കു മുമ്പ് പദ്ധതി തയ്യാറാക്കിയെങ്കിലും നടപടികൾ ഫയലിൽ ഉറങ്ങുകയാണ്. കാക്കനാട് വളർന്നതോടെ സീപോർട്ട് - എയർപോർട്ട് റോഡിൽ കുരുക്ക് രൂക്ഷമായിട്ടും നാലുവരിപ്പാതയ്‌ക്കായി സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ജില്ലാ വികസന സമിതി കൂടി നാലുവരി പാതയാക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കാൻ പൊലീസിനോട് ശുപാർശ ചെയ്തു. യൂണിയനുകളുടെ പിൻബലത്തോടെയാണ് അനധികൃത പാർക്കിംഗ്
അനൂപ് ജേക്കബ്, എം.എൽ.എ
റോഡിലുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കണം. നാലുവരി പാത എത്രയും പെട്ടെന്ന് നിർമിക്കണം.
അഖിൽദാസ് കെ.ടി.,
തൃപ്പൂണിത്തുറ മുൻസിപ്പൽ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |