കൊച്ചി: വന്ധ്യതാ ചികിത്സയ്ക്കുള്ള അണ്ഡ ദാനത്തിന്റെയും വാടക ഗർഭധാരണത്തിന്റെയും പേരിൽ സാധു സ്ത്രീകളെ കേരളത്തിലെത്തിച്ച് ചൂഷണം ചെയ്യുന്നുവെന്ന വിവരം പ്രഥമദൃഷ്ട്യാ ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായ പ്രവണതകൾ മുളയിലേ നുള്ളാൻ ആരോഗ്യവകുപ്പിനും പൊലീസിനും ബാദ്ധ്യതയുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അണ്ഡ ദാതാക്കളായി തങ്ങൾ പാർപ്പിച്ചിരുന്ന അന്യസംസ്ഥാന യുവതികളെ അധികൃതർ കസ്റ്റഡിയിലെടുത്ത് അഗതിമന്ദിരത്തിലാക്കിയെന്നും ഇവരെ വിട്ടയയ്ക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി കളമശേരിയിലെ എ.ആർ.ടി ബാങ്ക് മാനേജിംഗ് ഡയറക്ടർ എം.എ. അബ്ദുൾ മുത്തലിഫ് സമർപ്പിച്ച ഹർജിയിലെ ഇടക്കാല ഉത്തരവിലാണ് കോടതി നിരീക്ഷണം.
സ്ഥാപനത്തിനെതിരെ പൊലീസും ആരോഗ്യവകുപ്പും നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട്, തുടർനടപടികൾ, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ എന്നിവ വിശദീകരിച്ച് റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചു. വിഷയം 10ന് വീണ്ടും പരിഗണിക്കും.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി വന്ധ്യതാ ചികിത്സയിലെ ഒരു വഴിത്തിരിവാണെന്ന് കോടതി പറഞ്ഞു. ഡിമാൻഡ് കൂടിയതോടെ വികസ്വര രാഷ്ട്രങ്ങളിൽ രംഗത്തുണ്ടായ വിനാശകരമായ പ്രവണതകൾ കേരളത്തിലും എത്തിയെന്ന് വേണം മനസിലാക്കാൻ. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ആശ്രയിക്കാം. എന്നാൽ ഹർജിക്കാരന്റെ സ്ഥാപനം അന്യ സംസ്ഥാനങ്ങളിലെ നിർദ്ധന സ്ത്രീകളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കിയെന്നു വേണം അനുമാനിക്കാൻ. പ്രലോഭനങ്ങളിലൂടെ ഇടനിലക്കാർ വലയിലാക്കിയ സാധുസ്ത്രീകളാണ് ചൂഷണം ചെയ്യപ്പെട്ടത്. ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാതിരിക്കാനാകില്ലെന്ന് ബെഞ്ച് പറഞ്ഞു.
ആകർഷകമായ പരസ്യം നൽകി ഹർജിക്കാരന്റെ സ്ഥാപനം കുട്ടികളില്ലാത്ത ദമ്പതികളെ വലയിൽ വീഴ്ത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ആരോപണമുണ്ട്. സാക്ഷര കേരളത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും മറ്റിടങ്ങളിലും പരിശോധനയ്ക്ക് സാദ്ധ്യതയുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |