കൊച്ചി: ശബരി റെയിൽപ്പാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കാൻ എറണാകുളം ജില്ലയിൽ ആവശ്യമായി വരുന്നത് 513 കോടി രൂപ. സ്ഥലമെടുപ്പിനുള്ള നടപടികൾക്ക് ജില്ലാ കളക്‌ടർ അനുമതി നൽകിയാലുടൻ സർക്കാർ ഫണ്ട് അനുവദിക്കും.
അങ്കമാലിയിൽ ആരംഭിച്ച് കാലടി, പെരുമ്പാവൂർ, കോതമംഗലം, വാഴക്കുളം വഴിയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയിലേയ്ക്ക് ശബരിപ്പാത പോകുന്നത്. കുന്നത്തുനാട് താലൂക്ക് വരെ സാമൂഹികാഘാത വിലയിരുത്തൽ പഠന റിപ്പോർട്ടിന്മേൽ ഹിയറിംഗ് വരെ പൂർത്തിയായി. ഇവിടെ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് തടസങ്ങളില്ല.
കാലടിക്കും പെരുമ്പാവൂർ സ്റ്റേഷനുകൾക്കുമിടയിലെ 10 കിലോമീറ്റർ പ്രദേശത്തെ സ്ഥലം ഏറ്റെടുക്കാൻ 103 കോടി ആവശ്യമാണ്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ 39 കിലോമീറ്റർ പ്രദേശത്ത് പരിസ്ഥിതി ആഘാതപഠന റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും പബ്ലിക് ഹിയറിംഗ് നടത്തിയിട്ടില്ല. ഈഭാഗത്ത് സ്ഥലം ഏറ്റെടുക്കാൻ 410 കോടി ആവശ്യമാണ്.
ഇടുക്കി, കോട്ടയം ജില്ലകളിൽ രാമപുരം സ്റ്റേഷൻ വരെ 14 കിലോമീറ്റർ ദൂരത്തെ സ്ഥലം ഏറ്റെടുക്കാൻ സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല. പഠനത്തിന് ഏജൻസികളെ ഉടൻ നിയമിക്കണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. രാമപുരം വരെ സ്ഥലമെടുക്കാൻ 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
ഫണ്ട് തടസമാകില്ല
സർക്കാർ മുൻഗണന നൽകുന്ന ശബരി റെയിൽപ്പാത നിർമ്മാണത്തിന് സംസ്ഥാന വിഹിതം ഫണ്ടിന് തടസമില്ലെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം പറഞ്ഞു. ശബരിപ്പാത സ്ഥലമെടുപ്പ് അനുമതി ഇടുക്കി ജില്ലാ കളക്ടർ നൽകി. എറണാകുളം ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചാൽ സ്ഥലമെടുപ്പിന് ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ഭാരവാഹികളെ അറിയിച്ചു.
ശബരിപ്പാത
അങ്കമാലി - എരുമേലി
ആകെ 111 കിലോമീറ്റർ
ആകെ ചെലവ് 3,810 കോടി
കിലോമീറ്ററിന് 34.3 കോടി രൂപ
ജില്ലയിൽ ശബരിപ്പാത കടന്നുപോകുന്ന ദൂരം
49 കിലോമീറ്റർ
ജില്ലയിലെ സ്‌റ്റേഷനുകൾ
കാലടി
പെരുമ്പാവൂർ
ഓടക്കാലി
കോതമംഗലം
മൂവാറ്റുപുഴ
വാഴക്കുളം
കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പലിശരഹിത ദീർഘകാല വായ്‌പാ പദ്ധതിയിൽ നിന്ന് ശബരിപ്പാത സ്ഥലമെടുപ്പിന് ഫണ്ട് ലഭിക്കുന്നതിന് സംസ്ഥാനം അപേക്ഷ നൽകണം.
ബാബു പോൾ
ജനറൽ കൺവീനർ
ആക്ഷൻ കൗൺസിൽ
ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |