കാക്കനാട്: ഏഴ് വയസ് മുതൽ അപൂർവ രോഗത്തിന്റെ പിടിയിലായ കാക്കനാട് അത്താണി സ്വദേശി ഷിജി ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പനി ബാധിച്ചതിനെതുടർന്ന് ശരീരമാസകലം വിറക്കുന്ന ഒരു അപൂർവ രോഗത്തിന് ഷിജി കീഴടങ്ങിയത്. പേന പിടിച്ച് എഴുതാൻ പോലും സാധിക്കാത്ത അവസ്ഥയായി. ആദ്യമെല്ലാം കൂട്ടുകാരുടെ കളിയാക്കലും ടീച്ചർമാരുടെ ശകാരങ്ങളും ഉണ്ടായിരുന്നെങ്കിലും പിന്നീട് ഷിജിക്ക് പഠിക്കാൻ എല്ലാവരും പ്രോത്സാഹനം നൽകി. എന്നാൽ രോഗാവസ്ഥ മൂർച്ഛിച്ചതോടെ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു.
ചെറുപ്പത്തിൽ തന്നെ ജെ.സി.ബി വളരെ ഇഷ്ടമായിരുന്നു ഷിജിക്ക്. അടുത്തുള്ള വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി ജെ.സി.ബി കൊണ്ടുവരുമ്പോൾ നോക്കിനിൽക്കുമായിരുന്നു. അങ്ങനെ ഒരിക്കൽ ആരോ വലിച്ചെറിഞ്ഞ കാർട്ടൻ കഷ്ണങ്ങൾ ഉപയോഗിച്ച് ഒരു ജെ.സി.ബിയുടെ മാതൃക നിർമ്മിച്ചു.
ഇതുമായി റോഡിലൂടെ പോകുമായിരുന്ന ഷിജിയെ കൗതുകത്തോടെയാണ് നാട്ടുകാർ നോക്കിയിരുന്നത്. അവർ അവന്റെ കലാവാസന പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇതോടെ ഇഷ്ടപ്പെട്ട രൂപങ്ങൾ കാർട്ടൻ ബോർഡുകൾ ഉപയോഗിച്ച് നിർമ്മിക്കാൻ തുടങ്ങി.
ഇരുനില ബസുകൾ, ലോറികൾ, കാറുകൾ, ഹൈഡ്രോളിക് പൊക്ലിൻ, താജ്മഹൽ, വീടുകൾ എന്നിവയുടെ ഒട്ടനവധി മിനിയേച്ചറുകൾ ഷിജി നിർമ്മിച്ചു. കൂടാതെ യുദ്ധക്കപ്പൽ, ഹെലികോപ്ടറുകൾ, യുദ്ധവിമാനങ്ങൾ, മറ്റു യുദ്ധോപകരണങ്ങൾ എന്നിവയുടെ മാതൃകകളും നിർമ്മിച്ചു.
പ്രദേശത്തെ കടകൾ, വീടുകളിൽ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന കാർട്ടൺ ബോക്സുകൾ ഉപയോഗിച്ചാണ് ഇവയൊക്കെയും നിർമ്മിക്കുന്നത്.
ഷിജിയുടെ കലാവിരുത് കാണുവാനും വാങ്ങുവാനും നിരവധി പേരാണ് എത്തുന്നത്. ഒട്ടേറെ പുരസ്കാരങ്ങളും ഷിജിയെ തേടിയെത്തി. അത്താണി ജംഗ്ഷന് കിഴക്കുവശം അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പമാണ് ഷിജി താമസിക്കുന്നത്. ജീവനോപാധിയായി ലോട്ടറി വിൽപനയുമുണ്ട്. ഷിജിയുടെ കാലാവിരുതിനെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ആരെങ്കിലും മുന്നോട്ടുവന്നാൽ അത് ഏറെ അനുഗ്രഹമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |