കോലഞ്ചേരി: നിങ്ങളുടെ വെളിച്ചം മറ്റൊരാളെ ഇരുട്ടിലാക്കാതിരിക്കട്ടെ. രാത്രിയാത്രയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ തയ്യാറാകാത്തവരെ ബോധവത്കരിക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം "വില്ലനാകുന്ന വെളിച്ചം" സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ദേവികുളം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ എൻ.കെ. ദീപുവാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഹെഡ്ലൈറ്റ് ഹൈബീമിൽ മാത്രം വാഹനം ഓടിക്കാൻ ശീലിച്ച അച്ഛന്റെ വാഹനത്തിൽ മകൻ ഓടിച്ചുവന്ന ഇരുചക്രവാഹനം തട്ടി അപകടത്തിൽപ്പെടുന്ന കഥയിലൂടെ ഹെഡ് ലൈറ്റിന്റെ അമിത പ്രകാശം ഒരാൾക്ക് എങ്ങനെ താത്ക്കാലിക അന്ധത സൃഷ്ടിക്കുന്നു എന്ന് ശാസ്ത്രീയമായി വിശദീകരിക്കുന്നു.
പ്രമുഖ ഒഫ്താൽമോളജിസ്റ്റ് നിമ്മി മെറിൻ മാത്യു ശാസ്ത്രീയവിശദീകരണം നൽകുകയും ദേവികുളം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ ചന്ദ്രലാൽ കരുണാകരൻ, ഇടുക്കി ആർ.ടി.ഒ ഡ്രൈവർ കെ.പി. പ്രദീപ്കുമാർ, എം.സി.എ വിദ്യാർത്ഥി അഭിനവ് സലീം എന്നിവർ അഭിനേതക്കളുമായി. എം.വി.ഐ ദീപു മോട്ടോർവാഹന വകുപ്പിന് വേണ്ടി നേരത്തെയും നിരവധി ഹ്രസ്വ ചിത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
അറിയാം ദോഷവശം
രാത്രിയാത്രയ്ക്ക് വാഹനവുമായി നിരത്തിലിറങ്ങുന്ന എല്ലാവരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മറ്റു വാഹനങ്ങളുടെ ഹെഡ്ലൈറ്റിന്റെ അമിത പ്രകാശം. ഗുരുതരമായ റോഡ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത് രാത്രിയിലാണ്. ഡ്രൈവർക്ക് അപകടത്തിന്റെ സാന്നിദ്ധ്യം പകൽ വെളിച്ചത്തിൽ കാണുന്നതുപോലെ വ്യക്തമായി രാത്രിയിൽ കാണാൻ കഴിയില്ല എന്നുള്ളതാണ് ഇതിനുള്ള പ്രധാനകാരണം. എതിരെ വരുന്ന വാഹനത്തിന്റെ വേഗതയും തമ്മിലുള്ള ദൂരവും കൃത്യമായി കണക്കാക്കാൻ രാത്രിയിൽ മനുഷ്യമസ്തിഷ്‌കത്തിന് സാധിക്കില്ല. മാത്രമല്ല കാഴ്ച ക്രമീകരിക്കുന്നതിന് കണ്ണുകൾക്ക് അധികസമയം വേണ്ടിവരികയും ചെയ്യും. ഹൈബീം ലൈറ്റ് കണ്ണുകളിൽ പതിക്കുമ്പോൾ, അമിത പ്രകാശം സൃഷ്ടിക്കുന്ന താത്ക്കാലിക അന്ധതയാണ് അപകടകാരണം.
അതി തീവ്രപ്രകാശം കണ്ണുകളിൽ പതിക്കുമ്പോൾ റെറ്റിന ചുരുങ്ങുകയും പ്രകാശ സംവേദനകോശങ്ങൾ അമിതമായി ഉത്തേജിക്കപ്പെടുകയും ഇത് കണ്ണുകൾക്ക് താത്കാലിക കാഴ്ചമങ്ങൽ സൃഷ്ടിക്കുകയും ചെയ്യും. എതിരെ വരുന്ന വാഹനത്തിന്റെ പ്രകാശം മാത്രമല്ല പിന്നിലെ വാഹനത്തിന്റെ പ്രകാശം മുന്നിലെ വാഹനത്തിന്റെ കണ്ണാടിയിൽ പ്രതിഫലിക്കുന്നതും സ്ട്രീറ്റ് ലൈറ്റുള്ള റോഡുകളിൽ ഹൈബീം ഇടുന്നതും ഡൈവർമാർക്ക് താത്കാലിക അന്ധതക്ക് കാരണമാകും എന്നും ചിത്രം ചൂണ്ടിക്കാണിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |