സ്വയം മുറിവേൽപ്പിച്ച് മർദ്ദനപ്പരാതി
മുളന്തുരുത്തി: മദ്യപിക്കാനെത്തിയ ആളെ തല്ലി വശക്കേടാക്കിയതിന് 45 ദിവസം റിമാൻഡിൽ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ബാർ ജീവനക്കാരന്റെ കള്ളപ്പരാതി പൊലീസുകാരെ വട്ടംചുറ്റിച്ചു.
കഴിഞ്ഞ ദിവസം ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം താൻ ആക്രമിക്കപ്പെട്ടെന്ന് കാണിച്ച് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ദേഹത്ത് മുറിവും ഉണ്ടായിരുന്നു. കോരൻചിറ പള്ളിയുടെ സമീപത്ത് താൻ താമസിക്കുന്ന കെട്ടിടത്തിൽ മൂന്നു ബൈക്കുകളിലായി എത്തിയ യുവാക്കൾ വെട്ടി പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി.
ഇയാൾ സൂചന നൽകിയ വ്യക്തിയെക്കുറിച്ച് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടു. ജീവനക്കാരന്റെ ശരീരത്തിലെ മുറിവ് സ്വയം വെട്ടി പരിക്കേൽപ്പിച്ചതാണെന്നും വ്യക്തമായി. കള്ളപ്പരാതി നൽകിയത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ ഒരു നിരപരാധി രക്ഷപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരൻ ഒളിവിലും പോയി.
നാടിന് ശാപമായി ബാർ
കഥാപുരുഷൻ ജോലി ചെയ്ത ബാർ ഹോട്ടൽ ഒരു നാടിന്റെ സമാധാനം കെടുത്തുന്ന സ്ഥാപനമാണ്. മദ്യപാനികളുടെ ശല്യവും അടിപിടിയും കൂടാതെ ബാറിന്റെ സ്വന്തം ഗുണ്ടാപ്പടയുടെ വിളയാട്ടത്താലും വലയുകയാണ് തുപ്പംപടിക്കാർ. വെട്ടിക്കൽ- തുപ്പംപടി റോഡിൽ മദ്യപാനികൾ വെളിവില്ലാതെ നടക്കുന്നതും റോഡരുകിൽ ബോധം മറഞ്ഞു കിടക്കുന്നതും പതിവ് കാഴ്ചകൾ. അസഭ്യം പറഞ്ഞുള്ള സംഘർഷങ്ങളും പതിവ്.
നിസാരപ്രശ്നങ്ങളുടെ പേരിൽ ക്രൂരമർദ്ദനം പതിവാണ്. കള്ളപ്പരാതി നൽകിയ ജീവനക്കാരന്റെ നേതൃത്വത്തിലാണ് കുടിയന്മാരെ അടിച്ചൊതുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |