കൊച്ചി: റീലുകളും സ്റ്റോറികളും ലൈക്കുകൾ വാരിക്കൂട്ടിയപ്പോൾ ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള 'വരവ് കാശിൽ' കുതിപ്പ്. 27 മാസംകൊണ്ട് 80 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് ഖജനാവിൽ എത്തിയത് 114,40,31,464 രൂപ! 2023ൽ 56,80,28,005 രൂപയായിരുന്നു വരുമാനം. പിറ്റേവർഷം 44,90,41,757 രൂപയായി ഇടിഞ്ഞു. ഈ വർഷം മാർച്ചു വരെ ലഭിച്ചത് 12,69,61,702 രൂപ. ടൂറിസം സീസണുകൾ കൂടി ചേരുമ്പോൾ പോയ വർഷത്തെ നഷ്ടം തിരിച്ചുപിടിക്കാനാകുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ.
കൊവിഡിന് ശേഷം വിനോദസഞ്ചാര മേഖലയിൽ ഉണർവുണ്ടാക്കാൻ ടൂറിസം വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. ഇവ ഹിറ്റായതും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്നെ ടൂറിസം പ്രോമോഷൻ ഏറ്റെടുത്ത് റീലുകളും സ്‌റ്റോറികളുമായി രംഗത്തുവരികയും ചെയ്തത് മേഖലയെ ഉണർത്തി.
ഇതോടെ ലഭിക്കുന്ന അവധിദിനങ്ങളിൽ ചെറുതും വലുതുമായ ടൂറിസംകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകി. ഇക്കുറി ഓണം ആഘോഷിക്കാനും വൻതോതിൽ സഞ്ചാരികൾ എത്തി. ഒരു വർഷത്തെ ആസൂത്രണമായിരുന്നു പിന്നിൽ. ഓണത്തെക്കുറിച്ച് സാമൂഹൃമാദ്ധ്യമങ്ങളിലൂടെയുള്ള ക്യാമ്പയിനുകൾ ലക്ഷ്യം കണ്ടതോടെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമെത്തി സഞ്ചാരികൾ. സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നത് പ്രദേശങ്ങളിലെ അടിസ്ഥാന വികസനത്തിനും കാരണമായി. പലയിടത്തും ടൂറിസംകേന്ദ്രങ്ങൾ നവീകരിച്ച് വരികയാണ്.
ടൂറിസം കേന്ദ്രം - വരുമാനം
പറമ്പിക്കുളം -169,539,411
ഇരവികുളം- 130,426,327
അതിരപ്പിള്ളി -78,946,349
മുത്തങ്ങ-63,686,621
പൊൻമുടി -60,792,255
തേക്കടി -43,705,250
പാലരുവി -38,545,035
കോന്നി ആനത്താവളം -28,421,901
കുറുവ -26,833,149
തോൽപ്പെട്ടി -24,993,794
അടവി ബൗൾ - 23,632,225
മുക്കാലി -23,384,042
സൂചിപ്പാറ -22,778,860
ചെമ്പ്ര പാർക്ക് -20,845,929
മുന്നിൽ മൂന്നാർ
പറമ്പിക്കുളത്ത് നിന്നാണ് കൂടുതൽ വരുമാനം. 16,95,39,411 രൂപ. ഇരവികുളമാണ് രണ്ടാമത്. മൂന്നാർ വൈൽഡ് ലൈഫിനു കീഴിലുള്ള നാഷണൽ പാർക്കിൽ നിന്നുള്ള വരുമാനം 13,04,26,327രൂപ. മൂന്നാമത് അതിരപ്പിള്ളിയാണ്. 7,89,46,349 രൂപയാണ് ഇവിടെ നിന്നും ലഭിച്ചത്.
ജില്ലയിൽ 'പോര് '
ജില്ലയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവുമധികം വരുമാനം നേടിയത് പാണിയേലി പോരിലാണ്. 1.95 കോടി രൂപയാണ് ഇവിടെ ലഭിച്ചത്. മലയാറ്റൂർ ഡിവിഷനിലെ തന്നെ ഭൂതത്താൻകെട്ടാണ് തൊട്ടുപിന്നിൽ. 65.74 ലക്ഷം, എൻ.എസ്.സി കാലടി അഭയാരണ്യം 60.01 ലക്ഷം, മുളങ്കുഴി മഹാഗണി 24.83 ലക്ഷം, കാലടി സുവർണോദ്യാനം 9.61 ലക്ഷം, മംഗളവനം 7.83 ലക്ഷം, പാണംകുഴി 3.88 ലക്ഷം എന്നിങ്ങനെയാണ് മറ്റ് വരുമാനക്കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |