ആലുവ: നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിൽ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളത്തിൽ തടസം മൂലം ബുദ്ധിമുട്ടിയ കുഞ്ഞിന് പദ്ധതിയിലൂടെ ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ ചെയ്തു.
ദിവസ വേതനക്കാരനായ പിതാവ് തൃശൂർ മേലൂർ സ്വദേശി കെ.സി. നിഥുന്റെ ദുരിതം മനസിലാക്കിയ മമ്മൂട്ടി, നിയയെ 'വാത്സല്യം' പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി. കഠിനമായ വയറുവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. വൃക്കയിൽ നിന്ന് മൂത്രസഞ്ചിയിലേക്കുള്ള നാളിയിലായിരുന്നു തടസം.
ശസ്ത്രക്രിയക്ക് തുക കണ്ടെത്താൻ വിഷമിച്ച നിഥുന്റെ മുന്നിലേക്ക്, ഒരു സുഹൃത്തു വഴിയാണ് മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തുന്നത്.
കുഞ്ഞിന്റെ രോഗവിവരവും സാമ്പത്തിക സ്ഥിതിയും വിവരിച്ചുകൊണ്ട് നിഥുൻ കെയർ ആൻഡ് ഷെയറിലേക്ക് കത്തെഴുതി. തുടർന്ന് കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി.
രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ് നിയ വീട്ടിലേക്ക് മടങ്ങി.
കുട്ടികൾക്കുള്ള ചികിത്സാ പദ്ധതി
സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് റോബോട്ടിക് ശസ്ത്രക്രിയകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് 'വാത്സല്യം'. പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീഇംപ്ലാന്റേഷൻ, കോളിഡോക്കൽ സിസ്റ്റ്, ഫണ്ടോപ്ലിക്കേഷൻ, ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കുന്നതിനുളള സർജറി ഉൾപ്പെടെ അർഹരായവർക്ക് സൗജന്യമായി ചെയ്ത് നൽകുമെന്ന് രാജഗിരി എക്‌സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അറിയിച്ചു. വിവരങ്ങൾക്ക്: +91 8590965542, +91 98474 87199.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |