• 10 ലക്ഷം നാളെ നൽകും
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനായി ഉപദേശകസമിതി ഭക്തരിൽനിന്ന് പിരിച്ചെടുത്ത തുകയിൽ പന്ത്രണ്ടുലക്ഷം രൂപയുടെ ചെക്ക് ബുധനാഴ്ച കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി. സമിതി പിരിച്ചെടുത്ത 30 ലക്ഷത്തോളംരൂപ കൈവശം വച്ചിരിക്കുകയാണെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടും കൈമാറുന്നില്ലെന്നും കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഉത്സവനടത്തിപ്പ് കൊച്ചിൻ ദേവസ്വംബോർഡ് ഏറ്റെടുത്തതിനാലാണ് പണം തിരിച്ചടക്കാൻ നിർദ്ദേശിച്ചത്. ഒക്ടോബർ 16ന് ദേവസ്വം ഓഫീസർ നോട്ടീസ് നൽകിയെങ്കിലും പ്രതികരിച്ചിരുന്നില്ല.
പത്തുലക്ഷംരൂപ ബാങ്കിൽ സ്ഥിരനിക്ഷേപമാണെന്നും കാലാവധി തീരുന്ന ഒക്ടോബർ 25ന് ഇതും ബോർഡിന് നൽകുമെന്നും സമിതി അറിയിപ്പിൽ പറയുന്നു. കൂപ്പണും നോട്ടീസും രശീതും പ്രിന്റുചെയ്ത വകയിൽ 81,000രൂപയാണ് ചെലവ്.
• രാജി പിൻവലിച്ച് ഉപദേശക
സമിതിഅംഗങ്ങൾ
ഉത്സവപരിപാടികൾ നിർണയിക്കുന്നതിൽ ബാഹ്യഇടപെടലുകളെയും മറ്റും ചൊല്ലിയുണ്ടായ അന്ത:ഛിദ്രത്തെ തുടർന്ന് 19അംഗ ക്ഷേത്രം ഉപദേശകസമിതിയിൽനിന്ന് രാജിവച്ച11പേരിൽ സെക്രട്ടറി ഒഴികെ പത്തുപേരും രാജി പിൻവലിച്ചു. ചൊവ്വാഴ്ച ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം. മുൻ സെക്രട്ടറി മുരളീധരൻ യോഗത്തിലും പങ്കെടുത്തില്ല. ഇവരുടെ കൂട്ടരാജിയെത്തുടർന്നാണ് ഉത്സവം ദേവസ്വം ബോർഡ് ഏറ്റെടുത്തത്. ജോ. സെക്രട്ടറി അജിത് സുന്ദർ, വൈസ് പ്രസിഡന്റ് പ്രസന്ന, അംഗങ്ങളായ എ.എ. ബാബു, ടി.പി. കൃഷ്ണകുമാർ, റെജി, കെ.കെ. നന്ദകുമാർ, ടി.കെ. സരള, ജ്യോതി പൈ, ആലാപ്, കെ.കെ. കേശവദാസ് എന്നിവരാണ് രാജി പിൻവലിച്ചത്.
• പി.എസ്. ബാലമുരുകന്റെ
നാദസ്വരക്കച്ചേരി നവം. 25ന്
ശ്രീലങ്കൻ നാദസ്വര ചക്രവർത്തി യാഴ്പാണം പി.എസ്. ബാലമുരുകന്റെ നാദസ്വരക്കച്ചേരിയാണ് ഇക്കൊല്ലത്തെ വൃശ്ചികോത്സവത്തിന്റെ ശ്രദ്ധേയമായ കലാപരിപാടി. പ്രശസ്ത തകിൽ വിദഗ്ദ്ധരായ കലൈമാമണി ശ്രീകോവിലൂർ കെ.ജി. കല്യാണസുന്ദരം, ഡോ. കാവാലം ബി. ശ്രീകുമാർ എന്നിവർ ഒപ്പംചേരും. നവംബർ 25നാണ് നടപ്പുരയിൽ പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |