
കോതമംഗലം: കോട്ടപ്പാറ വനമേഖലയിൽ വലിയ തുക മുടക്കി സ്ഥാപിക്കുന്ന ഫെൻസിംഗ് ഫലപ്രദമാകുന്നില്ലെന്ന് പരാതി. പലയിടത്തും ഫെൻസിംഗ് തകർത്ത് ആനക്കൂട്ടം നാട്ടിലേക്ക് ഇറങ്ങുകയാണ്. സമീപത്തെ മരങ്ങൾ മറിച്ചാണ് ആനകൾ ഫെൻസിംഗ് തകർക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആനക്കൂട്ടം നാട്ടിലേക്ക് ഇറങ്ങി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫെൻസിംഗ് ഗുണം ചെയ്യാത്തതിന്റെ നിരാശയിലാണ് നാട്ടുകാർ.
30 കിലോ മീറ്റർ ഫെൻസിംഗ്
മൂന്ന് പഞ്ചായത്തുകളിലായി 30 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഡബിൾ ലൈൻ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നത്. ഇതിൽ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിലാണ് കറന്റ് ചാർജ് ചെയ്തിട്ടുള്ളത്. 30 കിലോമീറ്റർ ഫെൻസിംഗിന് മൂന്നേമുക്കാൽ കോടി രൂപയാണ് ചെലവഴിക്കുന്നത്. ഒരു കിലോമീറ്ററിന് 10 ലക്ഷത്തിലധികം രൂപയാകും.
ഡബിൾ ലൈൻ ഹാങ്ങിംഗ് ഫെൻസിംഗ് വെറുതെയായി
പിണ്ടിമന, കോട്ടപ്പടി, വേങ്ങൂർ പഞ്ചായത്തുകളിലെ ആനശല്യത്തിന് പരിഹാരം എന്ന നിലയിലാണ് ഡബിൾ ലൈൻ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നത്. ഡബിൾ ലൈൻ ഹാങ്ങിംഗ് ഫെൻസിംഗ് കൂടുതൽ ഫലപ്രദമാകുമെന്നായിരുന്നു അവകാശവാദം.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രൻ ആയിരുന്നു ഉദ്ഘാടകൻ. ഫെൻസിംഗ് ശാശ്വത പരിഹാരമാകുമെന്ന് പറയാനാകില്ലെന്ന് മുൻകൂർ ജാമ്യം എടുത്തായിരുന്നു മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.
മരങ്ങൾ മുറിച്ചില്ല
ഫെൻസിംഗ് കടന്നുപോകുന്ന ഭാഗത്തെ മരങ്ങൾ മുറിക്കണം എന്ന് നാട്ടുകാർ തുടക്കത്തിൽത്തന്നെ ആവശ്യപ്പെട്ടിരുന്നു. 30 മീറ്റർ പരിധിയിലെ മരങ്ങൾ മുറിക്കണമെന്നായിരുന്നു ആവശ്യം. അക്കേഷ്യ ഉൾപ്പെടെയുള്ള പാഴ്മരങ്ങളാണ് ഇവയിൽ ഏറെയും. മരങ്ങൾ നിലനിറുത്തിയാൽ ആനകൾ ഫെൻസിംഗിലേക്ക് മറിച്ചിടുമെന്ന ആശങ്കയായിരുന്നു നാട്ടുകാർക്കുണ്ടായിരുന്നത്.
ഫെൻസിംഗ് നിർമ്മാണം തടയാനെത്തിയ നാട്ടുകാരെ, കറന്റ് ചാർജ് ചെയ്യുന്നതിനുമുമ്പ് മരങ്ങൾ മുറിക്കാമെന്ന ഉറപ്പ് നൽകിയാണ് എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അനുനയിപ്പിച്ചത്. ഏഴുമാസം പിന്നിട്ടപ്പോഴും മരങ്ങൾ മുറിക്കുന്നതിൽ നടപടിയുണ്ടായില്ല. വനംവകുപ്പ് നേരിട്ട് മരങ്ങൾ മുറിച്ചുനീക്കുന്നതിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയിട്ടും നടപടികൾ ഇഴയുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |