കൊച്ചി: ജില്ലയിൽ വോട്ടർമാരിലും സ്ഥാനാർത്ഥികളിലും സ്ത്രീകൾ മുന്നിൽ. 26,67,746 വോട്ടർമാരിൽ 13,88,544 പേരും സ്ത്രീകളാണ്. പുരുഷ വോട്ടർമാർ 12,79,170 പേരുണ്ട്. മത്സരരംഗത്തുള്ള 7366 സ്ഥാനാർത്ഥികളിൽ 3915 പേരും സ്ത്രീകളാണ്. പുരുഷ സ്ഥാനാർത്ഥികൾ 3451 പേരാണ്.
കൊച്ചി കോർപ്പറേഷനിൽ 4,36,684 വോട്ടർമാരാണുള്ളത്. ഇവിടെയും സ്ത്രീകളാണ് മുന്നിൽ; 2,27,525 പേർ. പുരുഷന്മാർ 2,09,157 പേർ. രണ്ട് ട്രാൻസ്‌ജെൻഡർമാരുമുണ്ട്. മുനിസിപ്പാലിറ്റികളിൽ തൃക്കാക്കരയിലാണ് കൂടുതൽ വോട്ടർമാർ. 71,234 പേർ. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. 33,815 പുരുഷന്മാരും 37,415 സ്ത്രീകളുമുണ്ട്. നാല് ട്രാൻസ്‌ജെൻഡർമാരും വോട്ടർപ്പട്ടികയിലുണ്ട്.കണക്കിൽ രണ്ടാം സ്ഥാനത്തുള്ള തൃപ്പൂണിത്തുറയിൽ ആകെയുള്ള 71,166 വോട്ടർമാരിൽ 37,511 പേർ സ്ത്രീകളാണ്. 33,655 പേർ പുരുഷന്മാരും. ഏറ്റവും കുറവ് വോട്ടർമാരുള്ള കൂത്താട്ടുകുളത്തും മുന്നിൽ സ്ത്രീകൾ തന്നെയാണ്. 14,667 വോട്ടർമാരിൽ 7,720 പേർ സ്ത്രീകളും 6,947 പേർ പുരുഷന്മാരുമാണ്.
കൊച്ചി കോർപ്പറേഷനിലാണ് വനിതാ സ്ഥാനാർത്ഥികളേറെ. 76 ഡിവിഷനുകളിലായി 363 സ്ഥാനാർത്ഥികളാണ് കളത്തിലുള്ളത്. ഇതിൽ 202 പേർ സ്ത്രീകളും 161 പേർ പുരുഷന്മാരുമാണ്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവരിൽ 50 പേർ സ്ത്രീകളാണ്. 28 വാർഡുകളിലായി 108 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികളിൽ 187 വീതവും കളമശേരിയിൽ 146 പേരും മരടിൽ 125 പേരുമാണ് മത്സരരംഗത്തുള്ള വനിതകൾ. പെരുമ്പാവൂർ (96), ഏലൂർ (97), അങ്കമാലി (93), കോതമംഗലം (91), നോർത്ത് പറവൂർ (90), ആലുവ (89), മൂവാറ്റുപുഴ (86), കൂത്താട്ടുകുളം (77), പിറവം (76) എന്നിങ്ങനെയാണ് മറ്റ് മുനിസിപ്പാലിറ്റികളിലെ വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം.
വോട്ടുവണ്ടി പര്യടനവും
തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ജില്ലയിൽ വോട്ടുവണ്ടി പര്യടനം തുടങ്ങി. കളക്ടറേറ്റിൽ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനംചെയ്തു. ലീപ് കേരള വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് വോട്ടുവണ്ടി പര്യടനം. 5 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വോട്ടുവണ്ടി എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |