
കൊച്ചി: വന്ധ്യതാ ചികിത്സയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതു സംബന്ധിച്ച് ഡിസംബർ 5ന് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് കളമശേരി സി.ഐ ദിലീഷ് ടി. ഈശോയുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചുവെന്നാണ് സർക്കാർ അറിയിച്ചത്.
കളമശേരി സ്റ്റേഷനിലെ എസ്.ഐ സെബാസ്റ്റ്യൻ ആന്റണി, ക്രൈംബ്രാഞ്ച് എസ്.ഐമാരായ ടി.കെ. മനോജ്, പി.ഐ. റഫീഖ് എന്നവരാണ് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ രൂപീകരിച്ച സംഘത്തിലെ മറ്റ് അംഗങ്ങൾ. കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ മേൽനോട്ടം വഹിക്കും.
ഇതര സംസ്ഥാനത്ത് നിന്നെത്തിയ അണ്ഡദാതാക്കളായ യുവതികളെ അധികൃതർ കസ്റ്റഡിയിലെടുത്ത് അഗതി മന്ദിരത്തിലാക്കിയിരിക്കുകയാണെന്നും ഇവരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് കളമശേരിയിലെ എ.ആർ.ടി ബാങ്ക് മാനേജിംഗ് ഡയറക്ടർ എം.എ. അബ്ദുൽ മുത്തലിഫ് സമർപ്പിച്ച ഹർജിയിലാണ് സർക്കാറിന്റെ വിശദീകരണം. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി വന്ധ്യതാ ചികിത്സയിലെ വഴിത്തിരിവാണെങ്കിലും വികസ്വര രാഷ്ട്രങ്ങളിലെ വിനാശകരമായ പ്രവണതകൾ കേരളത്തിലുമെത്തിയതായി കരുതേണ്ടിവരുമെന്ന് കോടതി വിലയിരുത്തിയിരുന്നു. ആകർഷകമായ പരസ്യം നൽകി ഹർജിക്കാരന്റെ സ്ഥാപനം കുട്ടികളില്ലാത്ത ദമ്പതികളെ വലയിൽ വീഴ്ത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണമുണ്ട്. സമഗ്ര അന്വേഷണം നടത്താനും പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കാനും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയതായി സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിശോധിക്കാൻ സമയം തേടിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി വീണ്ടും ഇന്ന് പരിഗണിക്കാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |