കൊച്ചി: എച്ച്.എം.ടി കളമശേരി യൂണിറ്റിന് പുനുരുദ്ധാരണ പാക്കേജ് അനുവദിക്കണമെന്ന ശുപാർശ 2016ൽ കേന്ദ്ര മന്ത്രിസഭയെടുത്ത തീരുമാനം റദ്ദാക്കാതെ നടപ്പിലാക്കാനാവില്ലെന്നും മൂന്നു മാസത്തിനുള്ളിൽ പുതുക്കിയ തീരുമാനത്തിന് ഇടപെടൽ നടത്താമെന്നും കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു.
എച്ച്.എം.ടി യൂണിറ്റിന്റെ പുനരുജ്ജീവനം സംബന്ധിച്ച് ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹൈബി ഈഡൻ എം.പിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
കളമശേരി യൂണിറ്റിന്റെ 11 നില കെട്ടിടം വാടകയ്ക്ക് നൽകി വരുമാനമുണ്ടാക്കാൻ നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. ഈ വരുമാനം യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നും എച്ച്. എം.ടിയുടെ ഭൂമി ആർക്ക് കൈമാറിയാലും നിലവിലെ വിപണിവില ലഭിക്കണമെന്നും തുക യൂണിറ്റിന്റെ വികസനത്തിനായി മാത്രം ഉപയോഗിക്കണമെന്നും എച്ച്.എം.ടി വർക്കേഴ്‌സ് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.എൻ. ലിൻസണും സെക്രട്ടറി ഷിഫാസും ആവശ്യപ്പെട്ടു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യൂണിറ്റിന്റെ പുനരുജ്ജീവനത്തിനായി സമയം നിശ്ചയിച്ച പ്രവർത്തന പദ്ധതി നടപ്പാക്കുക, സ്ഥിരം സി.എം.ഡിയെയും പ്രൊഫഷണൽ മാനേജ്‌മെന്റിനെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും വർക്കേഴ്‌സ് കോൺഗ്രസ് മുന്നോട്ടുവച്ചു.
1999ൽ പൂർണ വിനിമയാവകാശത്തോടെ കേരളാ സർക്കാർ എച്ച്.എം.ടിയ്ക്ക് കൈമാറിയ കളമശേരിയിലെ 100 ഏക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച്, സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ ഐ.എൻ.ടി.യു.സി പ്രതിഷേധം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |