
കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ദ്ധ സംഘം. ഇന്നലെ രാവിലെ 8.45ന് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. കണ്ണൂർ തലശേരി സ്വദേശിയുടെ 21കാരിയായ ഭാര്യയാണ് ലേക്‌ഷോറിലെ അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രസവിച്ചത്.
കാർ എത്തുമ്പോൾ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഓടിയെത്തിയെങ്കിലും യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനാകുന്ന സാഹചര്യമല്ലെന്ന് തിരിച്ചറിഞ്ഞ് വോൾവോ കാറിനുള്ളിൽ തന്നെ പ്രസവമെടുത്തു.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് തലശേരിയിൽ നിന്ന് അനീറ്റയും ഭർത്താവ് വിജയിയും മാതാപിതാക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞ ദിവസം അരൂരിൽ എത്തിയത്. ജനുവരി 22നാണ് യുവതിക്ക് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വേദന തുടങ്ങിയപ്പോൾ അരൂരിലെ ആശുപത്രിയിലെ ഡോക്ടറെ കണ്ടു മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായപ്പോൾ ലേക്‌ഷോറിലേക്ക് പുറപ്പെടുകയായിരുന്നു.
സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശനിയും പ്രസവമെടുക്കാൻ സഹായിച്ചു. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് എൻ.ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. അത്യാഹിത വിഭാഗത്തിലെ സജ്ജീകരണങ്ങളുടെയും മികവും പ്രൊഫഷണലിസവുമാണ് അടിയന്തരഘട്ടത്തിൽ മികച്ച ചികിത്സ ഉറപ്പാക്കിയതെന്ന് വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയും സി.ഇ.ഓ ജയേഷ് വി. നായരും പറഞ്ഞു. ഒരു മാസം മുമ്പ് വിവാഹ ദിനത്തിൽ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ ആലപ്പുഴ സ്വദേശി ആവണിയുടെയും ഷാരോണിന്റെയും വിവാഹം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ നടന്നതും വാർത്താ പ്രാധാന്യം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |