കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിലെ തൊണ്ടി മുറിയിൽ 2 മാസത്തിലേറെയായി അനാഥമായി കിടക്കുന്ന ഒരു ആട്ടുകല്ലുണ്ട്. പച്ചാളം മേൽപ്പാലത്തിന് സമീപം റെയിൽവേ ഇരട്ടപ്പാതയിൽ നിന്ന് ആർ.പി.എഫ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയ ഈ ആട്ടുകല്ല് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതിന് രജിസ്റ്റർ ചെയ്ത കേസിലെ നിർണായക തെളിവാണ്.
ആട്ടുകല്ല് റെയിൽവേ പാളത്തിൽ കൊണ്ടുവന്നിട്ടത് ആരെന്ന ചോദ്യത്തിന് ഇതേവരെ പൊലീസിന് മറുപടിയില്ല. തെളിവിന്റെ അഭാവത്തിൽ കേസ് എഴുതി തള്ളിയ മട്ടാണ്. ഇരട്ടപ്പാതയിലെ തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിനുകൾ കടന്നുപോകുന്ന ഡൗൺലൈനിന്റെ മദ്ധ്യഭാഗത്താണ് ആട്ടുകല്ല് കിടന്നിരുന്നത്. നോർത്ത് പൊലീസും ആർ.പി.എഫും 50ഓളം പേരെ ചോദ്യം ചെയ്തിട്ടും ഒരു തുമ്പും ലഭിച്ചില്ല. ട്രാക്കിന് സമീപം താമസിക്കുന്നവരും സംഭവദിവസം ഇതുവഴി കടന്നുപോയവരും ഇതിൽപ്പെടും. ആർ.പി.എഫിന്റെ ക്രൈം ഇന്റലിജൻസ് ബ്യൂറോയും കൊച്ചി പൊലീസിന്റെ ക്രൈം സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമായെങ്കിലും രക്ഷയില്ല. ട്രാക്കിനോട് ചേർന്ന് സി.സി ടിവി ക്യാമറകളില്ലാത്തതും തിരിച്ചടിയായി. എങ്കിലും കിലോമീറ്ററുകൾ ചുറ്റളവിൽ നിരവധി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവദിവസം രാത്രി ഇതുവഴി പോയ ചിലരെ നോർത്ത് സ്റ്റേഷനിൽ ചോദ്യം ചെയ്തെങ്കിലും കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയില്ല.
25 മിനിറ്റ് ഇടവേളയിൽ നടന്നതെന്ത്?
മൈസൂരിൽ നിന്ന് കൊച്ചുവേളിയിലേക്ക് പോയ എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് 2025 ഡിസംബർ 5ന് പുലർച്ചെ 4.40ന് പാളത്തിന്റെ മദ്ധ്യഭാഗത്ത് ആട്ടുകല്ല് കണ്ട് അധികൃതരെ അറിയിച്ചത്. പുലർച്ചെ 4.15ന് ഇതേ ട്രാക്കിലൂടെ പൂനെ - കന്യാകുമാരി എക്സ്പ്രസ് കടന്നുപോയപ്പോൾ ട്രാക്കിൽ ആട്ട് കല്ലുണ്ടായിരുന്നില്ല. പുലർച്ചെ 4.15നും 4.40നുമിടെയുള്ള 25 മിനിറ്റിനിടെയാണ് അജ്ഞാതനായ ഒരാൾ ആട്ടുകല്ല് ട്രാക്കിലിട്ടെന്നാണ് അനുമാനം.
ദുരൂഹതയായി തെരുവുനായ
ആർ.പി.എഫും പൊലീസും സംഭവസ്ഥലത്ത് എത്തിയപ്പോൾ ആട്ടുകല്ലിനോട് ചേർന്ന് ഒരു തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. നായയെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഇരട്ടപ്പാതയുടെ സമീപത്തെ ചളിക്കുണ്ടിൽ കിടന്നിരുന്ന ആട്ടുകല്ല് പിന്നീട് ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് മാറ്റിയിട്ടതാണ്. അവിടെ നിന്ന് ട്രാക്കിലേക്ക് എടുത്തിട്ടതും തെരുവുനായയെ കൊന്നു തള്ളിയതും ആരാണ്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സാധിക്കാത്തിടത്തോളം കാലം ആട്ടുകല്ല് തൊണ്ടിമുറിയിൽ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.