കൊച്ചി: കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയിൽ (പി.എം.വി.ബി.ആർ.വൈ) തൊഴിൽ ലഭ്യമാക്കുന്നതിൽ മുന്നേറ്റം തുടർന്ന് കൊച്ചി. കേരളത്തിൽ ആദ്യമായി ജോലി നൽകിയതിൽ പകുതിയിലേറെ കൊച്ചിയാണ്.
തൊഴിൽ ലഭ്യമാക്കിയ 10,467 സ്ഥാപനങ്ങളിൽ 4,108 എണ്ണവും കൊച്ചിയിലാണ്. സംസ്ഥാനത്ത് ആദ്യമായി ജോലിയിൽ പ്രവേശിച്ച 61,056 ജീവനക്കാരിൽ 33,366 പേരും കൊച്ചിയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ആകെ കണക്കിന്റെ 54 ശതമാനത്തിലധികമാണിത്.
ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പി.എം.വി.ബി.ആർ.വൈ പദ്ധതി പ്രകാരം 15,000 രൂപ ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രതിമാസ ആനുകൂല്യങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. നടപടികളെല്ലാം പൂർണമായും ഡിജിറ്റലായും പേപ്പർ രഹിതവുമായാണ് നടപ്പാക്കുന്നത്. പദ്ധതിക്ക് കീഴിലുള്ള പുനർനിയമനങ്ങളുടെ കാര്യത്തിലും കൊച്ചി മുന്നിലാണ്. കേരളത്തിലെ ആകെ 93,606 പുനർനിയമനങ്ങളിൽ 50,285 എണ്ണവും (53 ശതമാനത്തിലധികം) കൊച്ചിയിലാണ്.
വ്യവസായ– ഇ.പി.എഫ്.ഒ സംവാദം
തൊഴിൽ മേഖലയുടെ നടപടിക്രമങ്ങൾ, നിയമപാലനം, സാമൂഹിക സുരക്ഷാ പരിരക്ഷ എന്നിവ ചർച്ച ചെയ്യാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) കൊച്ചി മേഖലാ ഓഫീസ് സംഘടിപ്പിച്ച വ്യവസായ– ഇ.പി.എഫ്.ഒ സംവാദം 2026ലാണ് കണക്കുകൾ അറിയിച്ചത്. കൊച്ചിയിലേയും ലക്ഷദ്വീപിലേയും മുതിർന്ന വ്യവസായ സംരംഭകർ പങ്കെടുത്തു. റീജണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ ഉത്തം പ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷനായി.
യോഗ്യരായ ജീവനക്കാരുടെ നാമമാത്രമായ പിഴയോടെയുള്ള സ്ഥിരപ്പെടുത്തൽ ലളിതമാക്കുന്ന എംപ്ലോയീസ് എൻറോൾമെന്റ് പരിപാടിയെക്കുറിച്ചും ചർച്ചയിൽ വിശദീകരിച്ചു. ഇ.പി.എഫ്.ഒയുടെ പ്രവർത്തനപരമായ സംരംഭങ്ങളെക്കുറിച്ചുള്ള അവതരണവും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
കൊച്ചി ഇ.പി.എഫ്.ഒ
മേഖലയിലെ 32,044 സ്ഥാപനങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നു
തൊഴിലാളിക്ഷേമം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു
സ്ഥാപനങ്ങളിലെ തൊഴിൽ സംസ്‌കാരം രൂപപ്പെടുത്തുന്നു
നിയമപരമായ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു
ഉന്നതതല ഉദ്യോഗസ്ഥർ വഹിക്കേണ്ട പങ്ക് നിർദ്ദേശിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |