
കൊച്ചി: ജില്ലയിൽ ഒറ്റ ദിവസം സസ്‌പെൻഡ് ചെയ്തത് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ. പള്ളുരുത്തി സ്റ്റേഷനിലെ സി.പി.ഒ ആലപ്പുഴ സ്വദേശി വിജേഷ്, കാലടി സ്റ്റേഷനിലെ സി.പി.ഒ പെരുമ്പാവൂർ സ്വദേശി സുബീർ എന്നിവർക്കെതിരെയാണ് നടപടി. പാസ്‌പോർട്ട് വെരിഫിക്കേഷന്റെ ഭാഗമായി വിളിച്ചുവരുത്തിയ യുവതിയെ കടന്നുപിടിച്ചെന്ന കേസിലാണ് വിജേഷിനെ സസ്പെൻഡ് ചെയ്തത്. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സുബീറിനെതിരെ നടപടിയെടുത്തത്. ഇരുവർക്കുമെതിരെയുള്ള ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്.
സസ്‌പെൻഷൻ 1
പള്ളുരുത്തി സ്റ്റേഷനിലെ പാസ്‌പോർട്ട് വെരിഫിക്കേഷന്റെ ചുമതല വിജേഷിനായിരുന്നു. കഴിഞ്ഞമാസം 22ന് പനയപ്പള്ളി സ്വദേശിനിയുടെ വീട്ടിലെത്തിയ ഇയാൾ വെരിഫിക്കേഷന്റെ ഭാഗമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. 27കാരി ഭർത്താവുമായി അകൽച്ചയിലാണെന്ന് മനസിലാക്കിയ പൊലീസുകാരൻ വെരിഫിക്കേഷനിലെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന ഇവരെ തിങ്കളാഴ്ച ബി.ഒ.ടി പാർക്കിലേക്ക് വിളിച്ചുവരുത്തി. പിന്നീട് നിർബന്ധിച്ച് കാറിൽ കയറ്റുകയും കടന്നുപിടിച്ചെന്നുമാണ് യുവതിയുടെ പരാതി.ഹാർബർ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്. കുമ്പളങ്ങിയിൽ ജോലി ചെയ്യവേ സമാനമായ പരാതി വിജേഷിനെതിരെ ഉയർന്നിരുന്നു. ഈ പരാതി ഒതുക്കിത്തീർത്തുവെന്നാണ് സേനയ്ക്കുള്ളിലെ സംസാരം. വിവാഹിതനും കുട്ടിയുമുള്ള വിജേഷ് ഒളിവിലാണ്. അറസ്റ്റ് വൈകാതെ ഉണ്ടാകും.
സസ്‌പെൻഷൻ 2
കഴിഞ്ഞ സെപ്തംബറിൽ എക്‌സൈസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) ചേർന്ന് നിരവധിയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ പെരുമ്പാവൂരിലെ ഭായ് കോളനിയിലുള്ള സുബീറിന്റെ ബന്ധുവീട്ടിൽനിന്ന് സംഘം 66 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പലചരക്ക് കടയുടെ മറവിൽ നടന്ന ലഹരിക്കച്ചവടത്തിൽ സുബീറിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതും പ്രതികളെ സഹായിച്ചതും സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുബീറിനെ സസ്‌പെൻഡ് ചെയ്യാൻ റൂറൽ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുബീറിനെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |