
എച്ച്.എം.ടി പുനരുദ്ധാരണം: പാക്കേജ് വൈകിയാൽ തകർച്ചയിലേക്ക്
കളമശേരി: പുനരുദ്ധാരണ പാക്കേജ് വൈകിയാൽ എച്ച്.എം.ടി തിരിച്ചുവരവിന് വഴിയടഞ്ഞ് തകർച്ചയിലേക്ക് പതിക്കും. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി എം.പിമാരും യൂണിയൻ നേതാക്കളും നടത്തിയ ചർച്ചയിൽ മൂന്നു മാസത്തെ സമയം മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 10-നായിരുന്നു ഡൽഹി ഉദ്യോഗ് ഭവനിൽ കൂടിക്കാഴ്ച നടന്നത്. ചർച്ചയിൽ ജോൺ ബ്രിട്ടാസ് എം.പി, ഹൈബി ഈഡൻ എം.പി, ഏട്ടാല രാജേന്ദർ എം.പി, മല്ലു രവി എം.പി (തെലങ്കാന) എന്നിവർ പങ്കെടുത്തു. 2016ൽ കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഡിസ് ഇൻവെസ്റ്റ്മെന്റ് നടത്തുവാൻ എടുത്ത തീരുമാനം തിരുത്താനാണ് മൂന്നു മാസത്തെ സാവകാശം വേണമെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചത്.
വ്യാഴാഴ്ച എച്ച്.എം.ടി ചെയർമാൻ രാജേഷ് കോഹ്‌ലി കളമശേരി യൂണിറ്റ് സന്ദർശിച്ചിരുന്നു. യൂണിയൻ നേതാക്കളുമായും ചർച്ച നടത്തി. വൈദ്യുതി കുടിശിക സംബന്ധിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായും കൂടിയാലോചനകൾ നടത്തി. ഇന്നലെ തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി. ആസ്ഥാനത്ത് കുടിശികയ്ക്ക് പകരം ഭൂമി നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടത്തിയിട്ടുണ്ട്.
നഷ്ടം കഴിഞ്ഞ 2 വർഷം മാത്രം
എച്ച്.എം.ടി മെഷീൻ ടൂൾസിൽ അജ്മീർ, പിഞ്ചോർ, ഹൈദരാബാദ്, ബംഗളൂരു യൂണിറ്റുകൾ വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുമ്പോഴും കളമശേരി യൂണിറ്റ് ലാഭത്തിലായിരുന്നു. കഴിഞ്ഞ രണ്ടു വർഷം മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. പ്രവർത്തന മൂലധനമില്ലാതെ പ്രതിസന്ധിയിലായതാണ് ഇതിന് കാരണം. മറ്റു യൂണിറ്റുകളിൽ നിന്നും വിരമിച്ച 500ലധികം ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. കളമശേരി യൂണിറ്റിലും 35ലധികം ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെ കുടിശികയായിട്ടുണ്ട്.
കമ്പനിക്ക് സ്ഥിരം ചെയർമാനില്ല
മന്ത്രി എച്ച്.ഡി. കുമാരസ്വാമി ബംഗളൂരുവിൽ നിന്നുള്ള വകുപ്പ് മന്ത്രി എന്ന നിലയിലും എച്ച്.എം.ടിയുടെ ആസ്ഥാനം ബംഗളൂരു എന്ന പ്രത്യേക താല്പര്യവുമാണ് നിതി ആയോഗ് മെമ്പറായ ഡോ.വിജയകുമാർ സരസ്വതിനെ ചെയർമാനാക്കി ഉന്നത സാങ്കേതിക സമിതിയെ നിശ്ചയിച്ച് പുനരുദ്ധാരണ പാക്കേജിനുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.
എച്ച്.എം.ടി ഭൂമി ജുഡിഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനായി കൈമാറുമ്പോൾ വില്പന വില എച്ച്.എം.ടിയുടെ നിലനില്പിനും വികസന പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാരും വ്യവസായ മന്ത്രിയും ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും എച്ച്.എം.ടി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ കെ. ചന്ദ്രൻപിള്ള മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
കമ്പനിക്കിപ്പോൾ സ്ഥിരം ചെയർമാനില്ല. 2022 ജൂലൈയ്ക്ക് ശേഷം ഇതുവരെ അഞ്ച് ചെയർമാൻമാർ നിയമിതരായി. ഇപ്പോഴത്തെ ചെയർമാന്റെ കാലാവധി 2026 മാർച്ച് 24ന് തീരും. സ്ഥിരം ചെയർമാനെ നിയമിക്കുകയും പുനരുദ്ധാരണ പാക്കേജ് ലഭിക്കുകയും ചെയ്താലേ എച്ച്.എം.ടി നിലനിൽക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |