
കൊച്ചി: ജില്ലയിൽ വനിതാ ഓട്ടോകളുടെ എണ്ണം 100ൽ താഴെയായി. മുൻപ് ജില്ലയാകെ മുന്നൂറോളം വനിതാ ഡ്രൈവർമാർ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഈ ഇടിവ്. വരുമാനം കുത്തനെ ഇടിഞ്ഞതും ആരോഗ്യപ്രശ്‌നങ്ങളുമാണ് വനിതകൾ ഈ തൊഴിൽ മേഖല വിടാൻ കാരണം. ഷീ ടാക്‌സിലേക്ക് കൂടുമാറിയതും ഓട്ടോകൾ കുറയാൻ കാരണമായിട്ടുണ്ട്.
കൊച്ചി നഗരത്തിൽ വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. മുൻപ് മരട്, കുണ്ടന്നൂർ, തൃക്കാക്കരയിലെ കാക്കനാട് എന്നിവിടങ്ങളിൽ പത്തിലധികം പേരുള്ള വനിതാ ഓട്ടോ സ്റ്റാൻഡുകൾ വരെ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സ്റ്റാൻഡുകൾ ഇല്ലാതായി. ശേഷിച്ചവർ അടുത്തുള്ള പൊതു സ്റ്റാൻഡുകളിലേക്ക് മാറി. പിന്നാലെ അവരും മേഖലയോട് വിടപറഞ്ഞു.
സ്ത്രീസൗഹൃദ യാത്രാ സൗകര്യം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേനയാണ് കൂടുതൽ വനിതകളെ ഈ രംഗത്തേക്ക് കൊണ്ടുവന്നത്. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകൾ വഴിയും സബ്‌സിഡി നിരക്കിൽ ഓട്ടോറിക്ഷകൾ നൽകിയിരുന്നു. എന്നാൽ വരുമാനം കുറഞ്ഞതോടെ വായ്പാ തിരിച്ചടവ് മുടങ്ങുകയും പലരും മറ്റ് തൊഴിലുകൾ തേടിപ്പോകുകയും ചെയ്തതോടെ പദ്ധതി അവതാളത്തിലായി.
ഒരു ലക്ഷത്തോളം ഓട്ടോത്തൊഴിലാളികളാണ് ജില്ലയിലുള്ളത്. ബഹുഭൂരിഭാഗം പുരുഷന്മാർ. വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ പലതും യൂണിയനുകൾ നടത്തിയെങ്കിലും സന്നദ്ധരായി എത്തുന്നവർ കുറവാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. വനിതാ പ്രാധാന്യം ഉറപ്പാക്കാനുള്ള തീരുമാനത്തിലാണ് തൊഴിലാളി സംഘടനകൾ.
പിന്മാറ്റ കാരണങ്ങൾ
1. ശരാശരി 600 രൂപയാണ് ഒരുദിവസത്തെ വരുമാനം. ഇന്ധച്ചെലവും മറ്റും കിഴിച്ചാൽ ശേഷിക്കുക തുച്ഛമായ തുക മാത്രം.
2. ഓട്ടോ തൊഴിലാളികളിൽ അധികവും പുരഷന്മാരാണ്. മിക്ക സ്റ്റാൻഡുകളിലും ഒരു വനിത മാത്രമേ ഉണ്ടാകാറുള്ളൂ.
3. നഗര, ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ജോലികൾ കൂടി.
4. കുണ്ടും കുഴിയും താണ്ടിയുള്ള ഓട്ടോയോടിക്കൽ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമായി.
5. യാത്രക്കാരുടെ മോശം പെരുമാറ്റം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |